മാരാമൺ കൺവെൻഷനിലെ ചരിത്രസംഭവങ്ങളുടെ അടയാളപ്പെടുത്തലായി കൺവെൻഷൻ നഗറിലെ മലയാള മനോരമ ചിത്രപ്രദർശനം. 80 വർഷം തുടർച്ചയായി കൺവെൻഷനിൽ പങ്കെടുത്ത 97കാരന്‍റെ വാർത്ത മുതൽ 1971ൽ അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോൻ കൺവെൻഷൻ നഗർ സന്ദർശിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ പ്രദർശനത്തിനുണ്ട്. കൺവെൻഷൻ പന്തലിന് സമീപത്ത് ക്രമീകരിച്ചിരിക്കുന്ന പ്രദർശനം കാണാൻ നൂറുകണക്കിന് പേരാണ് ഓരോ ദിവസവും എത്തുന്നത്.
130 വർഷത്തെ പാരമ്പര്യം വിളിച്ചോതുന്ന മാരാമൺ കൺവെൻഷൻ നഗറിൽ ഓർമ്മകളുടെ ഒരുപിടി ചിത്രങ്ങളാണ് മലയാള മനോരമയുടെ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. 1966ൽ ഡോ. ഇ. സ്റ്റാൻലി ജോൺസ് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് തുടക്കം. പിന്നീടിങ്ങോട്ട് കൺവെൻഷൻ നഗറിലെത്തിയ പ്രഭാഷകരുടെയും പ്രമുഖരുടെയും ഓരോ വർഷത്തെയും പങ്കാളിത്തത്തെയും അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ.
പഴയകാലത്ത് കൺവെൻഷന് പമ്പയാറ്റിലൂടെ വള്ളത്തിലെത്തുന്നവരും ആദ്യകാലത്തെ താൽക്കാലിക പാലങ്ങളുടെ രൂപവുമൊക്കെ ഒരുകാലത്തെ ഓർമ്മ പുതുക്കലാണ്. ചിത്രപ്രദർശനത്തോടൊപ്പം പുസ്തക വിപണനവും നടക്കുന്നുണ്ട്. കൺവെൻഷൻ സമാപിക്കുന്നതുവരെ ചിത്രപ്രദർശനവും തുടരും.