സീനിയര്‍ വിദ്യാര്‍ഥികളാല്‍ അതിക്രൂര മര്‍ദനത്തിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥി ആശുപത്രിയില്‍. കണ്ണൂര്‍ കൊളവല്ലൂരിലാണ് സംഭവം. കുട്ടിയുടെ നോട്ടം ശരിയല്ല, ബഹുമാനക്കുറവുണ്ട് എന്നുപറഞ്ഞാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതെന്നാണ് വിവരം. നിലത്തിട്ട് അടിച്ചതോടെ വിദ്യാര്‍ഥിയുടെ ഇടതു കയ്യിലെ എല്ലൊടിഞ്ഞു. കേസില്‍ കൊളവല്ലൂര്‍ പി.ആര്‍.എം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ചുപേരെ പ്രതി ചേര്‍ത്തു.
എഫ്.ഐ.ആറില്‍ മൂന്നു പേരുടെ വിവരങ്ങളാണ് നിലവിലുള്ളത്. രണ്ടു പേരെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അഞ്ചുപേരും പ്രായപൂര്‍ത്തിയായവരാണോ എന്ന കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ജ്യൂസ് കുടിക്കാന്‍ കാന്‍റീനിലേക്ക് പോകുംവഴിയാണ് അഞ്ചുപേര്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കിയത്. നിനക്ക് ഞങ്ങളോടെന്താ ബഹുമാനക്കുറവ്, നിന്‍റെ നോട്ടം ശരിയല്ല എന്നു പറഞ്ഞായിരുന്നു മര്‍ദനമെന്ന് വിദ്യാര്‍ഥി.
പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഇടതു കൈയിലെ എല്ലിന് രണ്ടിടത്ത് ഒടിവുണ്ടായിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സഹപാഠികളാണ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദനത്തിനു പിന്നാലെ വിദ്യാര്‍ഥിയുടെ കൈ നീരുവച്ച് വീര്‍ത്തുവന്നു. ഇത് കണ്ടതോടെയാണ് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സമാന സംഭവം മുന്‍പും ഉണ്ടായി എന്നാണ് പിതാവ് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇത്തവണ ഗുരുതരമായി മകന് പരുക്കേറ്റതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു എന്നാണ് പിതാവ് പറഞ്ഞിരിക്കുന്നത്. സ്കൂളിലെ സിസിടിവിയില്‍ വിദ്യാര്‍ഥി ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറല്ല എന്നാണ് സ്കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.