അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയുടെ ചികില്‍സാ ദൗത്യം തുടരും. അവശനായ ആനയെ ചികില്‍സിച്ച് രക്ഷപ്പെടുത്താനുള്ള സാധ്യത മുപ്പത് ശതമാനമാണെന്ന് മുഖ്യവനപാലകന്‍ പറഞ്ഞു. ആനയെ പിടികൂടി കൂട്ടിലടച്ച് ചികിൽസിക്കരുതെന്നാണ് ഡോക്ടർമാരുടെ നിര്‍ദേശം.
ആന വെള്ളവും തീറ്റയും എടുക്കുന്നതാണ് ചികില്‍സാ ദൗത്യം തുടരുന്നതില്‍ വനംവകുപ്പിന്റെ പ്രതീക്ഷ. ആനയെ കണ്ടെത്തി കോടനാട് കൊണ്ടുപോയ ശേഷമായിരിക്കും ചികില്‍സ നല്‍കുക. ദൗത്യത്തിനായി കുങ്കിയാനകളെ എത്തിക്കും.
അതേസമയം കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിൽ റിസ്ക്കുണ്ടെന്നാണ് വെറ്ററിനറി ഡോക്ടർമാരുടെ വിലയിരുത്തല്‍. ആനയെ കൂട്ടിലടച്ചാൽ പുറത്തുകടക്കാൻ ശ്രമിക്കും. മസ്തകം കൊണ്ട് കൂട്ടിലിടിക്കാനും സാധ്യതയുണ്ട്. മുറിവ് കൂടുതൽ വഷളാകും. മുറിവേറ്റ കൊമ്പന് മാധ്യമ ശ്രദ്ധ കിട്ടിയതോടെ രാജ്യാന്തര മൃഗസ്നേഹികളും തുടർചികിൽസയ്ക്കായി സമ്മർദം ചെലുത്തുന്നുണ്ട്.