ഭാരതപ്പുഴയിലെ കാങ്കക്കടവില്‍ നിന്ന് കൂറ്റന്‍ ട്രജറുകള്‍ ഉപയോഗിച്ച് മണലൂറ്റാനുളള നീക്കം കുറ്റിപ്പുറത്തെ പാലങ്ങള്‍ക്ക് ബലക്ഷയമുണ്ടാക്കുമെന്ന് ആശങ്ക. ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ മിനി പമ്പ പദ്ധതിയേയും ദോഷകരമായി ബാധിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി കൂടി ആലോചിക്കുകതെയാണ് വന്‍തോതില്‍ മണലൂറ്റിനുളള നീക്കം. മനോരമ ന്യൂസ് അന്വേഷണം തുടരുന്നു.
കാങ്കക്കടവ് പാലത്തിന് താഴേക്ക് അര കിലോമീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ ആഴത്തിലും മണലെടുക്കാമെന്നാണ് ടെന്‍ഡറില്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ ആഴത്തില്‍ മണലൂറ്റുന്ന മേഖലയില്‍ നിന്ന് അര കിലോമീറ്റര്‍ പോലും കുറ്റിപ്പുറം പാലത്തിലേക്കില്ല. പഴയ പാലത്തിനു പുറമെ ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായി പൂര്‍ത്തിയായി വരുന്ന പുതിയ പാലത്തേയും മണലൂറ്റ് ദോഷകരമായി ബാധിച്ചേക്കുമെയെന്ന ആശങ്കയുണ്ട്.
ശബരിമല കാലത്ത് മിനി പമ്പയില്‍ തിരക്കാവുന്നതോടെ തീര്‍ഥാടകര്‍ അല്‍പദൂരം നടന്ന് പുഴയില്‍ മുങ്ങുകയാണ് പതിവ്. ട്രജറുകളും എസ്ക്കവേറ്ററുകളും മണ്ണമാന്തിയന്ത്രങ്ങളും ഉപയോഗിച്ച് പാരിസ്ഥിതിക പ്രാധാന്യങ്ങളെല്ലാം അവഗണിച്ചുകൊണ്ടുളള മണലെടുപ്പിനാണ് കളമൊരുങ്ങുന്നത്. മണലെടുപ്പിനെക്കുറിച്ച് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിനു പോലും അറിവില്ല.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് ഡെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോവുന്നത്. മണല്‍ വാരുന്നതിന് ആരും എതിരല്ല.എന്നാല്‍ വലിയ ഡ്രജറുകളൊക്കെ ഉപയോഗിച്ചുളള ഖനനം ഭാരതപ്പുഴയെ തന്നെ ഇല്ലാതാക്കുമെന്നാണ് ആശങ്ക.