attamala-wildelephant

വയനാട്ടിൽ കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് ഊരിലെ ബാലനാണ് ഇന്നലെ രാത്രിയോടെ കൊല്ലപ്പെട്ടത്. ബന്ധുവീട്ടിൽ പോയി മടങ്ങവേയായിരുന്നു ആക്രമണം. നൂൽപ്പുഴയിൽ കാട്ടാനാ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് മറ്റൊരു ആക്രമണം. നിരന്തരമുള്ള വന്യജീവി ആക്രമത്തിൽ ജില്ലയിൽ വ്യാപക പ്രതിഷേധം..

 

ഇന്നലെ രാത്രിയോടെയാണ് ബാലനു നേരെ കാട്ടാനയാക്രമണമുണ്ടായത്. ബന്ധുവീട്ടിൽ നിന്നു മടങ്ങി എസ്റ്റേറ്റ് പാതയിലൂടെ നടന്നു വരുമ്പോഴായിരുന്നു ആക്രമണം. തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന ആന ബാലനെ ചവിട്ടിയും കൊമ്പ് വെച്ച് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്

 

പ്രദേശത്തു കാട്ടാന അടക്കമുള്ള വന്യജീവികളുടെ സാന്നിധ്യം സ്ഥിരമാണെന്നും വനം വകുപ്പിൽ വിവരമറിയിച്ചിട്ടും നടപടി ഇല്ലെന്നുമായിരുന്നു നാട്ടുകാരുടെ പരാതി. ബാലന്റെ മൃതദേഹം വിട്ടുതരില്ലെന്നറിയിച്ച് നാട്ടുകാർ മണിക്കൂറുകളോളം പ്രതിഷേധിച്ചു

ഒടുവിൽ തഹസിൽദാർ എത്തി നൽകിയ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ഇന്നു തന്നെ കൈമാറുമെന്നും അഞ്ചു ലക്ഷം പിന്നീട് നൽകുമെന്നും പതിവ് ഉറപ്പ്. പ്രദേശത്തെ ഒറ്റപ്പെട്ട ആദിവാസികളെ മാറ്റി താമസിപ്പിക്കാനുള്ള നടപടി തുടങ്ങുമെന്നും അറിയിച്ചു. ഇതോടെയാണ് പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയത്. അതിനിടെ നിരന്തരമുള്ള വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫിന്റെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ മേപ്പാടി റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി

ENGLISH SUMMARY:

One person killed in Wayanad wild elephant attack