തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാസംഘം തട്ടിക്കൊണ്ട് പോയ പത്താം ക്ലാസുകാരനെ കൈകാലുകൾ കെട്ടിയിട്ടെന്നു അമ്മൂമ്മ ഷാജിറ. കഴിഞ്ഞ ശനിയാഴ്ച തട്ടിക്കൊണ്ടു പോയത് പൊലീസിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതാണ് കഴിഞ്ഞ ദിവസവും തട്ടികൊണ്ടു പോകാൻ കാരണമെന്നു ബന്ധുക്കൾ.
ഇന്നലെ വൈകുന്നേരം 7 .30 നാണ് ഇടവിളാകം സ്വദേശി ആഷിഖിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തേടി രണ്ടു മണിക്കൂർ പൊലീസ് തലങ്ങും വിലങ്ങും പാഞ്ഞു. ഒടുവിൽ കീഴാറ്റിങ്ങലിൽ നിന്നാണ് കണ്ടെത്തിയത്. സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി. രണ്ടു പേർ കാറിൽ കടന്നു. കഴിഞ്ഞ ശനിയാഴ്ചയും കുട്ടിയെ തട്ടിക്കൊണ്ടുപോയി കാലിലും കൈയിലും കെട്ടിയിട്ടു .രാവിലെ കൊണ്ടുപോയ അഷിഖിനെ വൈകുന്നേരമാണ് വിട്ടയച്ചത്
മാതാപിതാക്കൾ വിദേശത്തായ ആഷിഖ് അമ്മൂമ്മയോടൊപ്പമാണ് താമസം. നേരത്തെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതാണ് പ്രശ്നം വഷളാക്കിയതെന്നു നാട്ടുകാർ. വിശദമായ അന്വേഷണം നടത്തുന്നെന്നാണ് പൊലീസ് വിശദീകരണം.
അതിനിടെ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പ്രതികള്‍ പിടിയിലായി. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്.