കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി. യൂസർ ഫീ വഴി ലഭിക്കുന്ന പണം ഉപയോഗിച്ച് കിഫ്ബിയുടെ വായ്പകൾ തിരിച്ചടക്കാമെന്നും ഇതുവഴി വായ്പ സംബന്ധിച്ച് കേന്ദ്രത്തിന്റെ തടസവാദങ്ങൾ മറികടക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കിഫ്ബിയെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുഹ്യമന്ത്രി പറഞ്ഞു. കിഫ്ബി റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി പറയവെയാണ് യൂസർഫീ ഈടാക്കുന്ന കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ചത്.
കിഫ്ബിയെ വരുമാനം ഉണ്ടാക്കുന്ന മാതൃകയാക്കി മാറ്റണം. എങ്കിലേ കിഫ്ബി വായ്പ സർക്കാരിന് മേൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നയം മറികടക്കാൻ കഴിയൂ. യൂസർഫീ വരുമാനത്തിൽ നിന്ന് തന്നെ കിഫ്ബി വായ്പ തിരിച്ചടക്കാം. ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാൻ ഇതോടെ കഴിയും വായ്പകൾ കൃത്യ സമയത്ത് തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ സ്ഥാപനമാണ് കിഫ്ബിയെന്ന് പിണറായി വിജയൻ പറഞ്ഞു.
കിഫ്ബിയിൽ സിഎജി ഓഡിറ്റ് നടക്കുന്നുണ്ട്. ഒരുതരത്തിലുള്ള പിൻവാതിൽ നിയമനവുമില്ല. ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റാണ്. കിഫ്ബി സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ നടപ്പാക്കുന്നത്. അതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബി ആരുടെയും തറവാട് സ്വത്തല്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം യാഥാസ്ഥിതിക കാഴ്ചപ്പാടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.