കരുനാഗപ്പള്ളിയില്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് നടന്ന പ്രകടനം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുമ്പോള്‍ പാര്‍ട്ടിക്ക് അങ്കലാപ്പ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ കൊല്ലത്ത് പ്രശ്നക്കാരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് വെട്ടി നിരത്തി പാര്‍ട്ടി അച്ചടക്കത്തിന്‍റെ വാള്‍ വീശിയത് തുടര്‍ന്നുള്ള ജില്ലാ സമ്മേളനങ്ങളെ ശാന്തമാക്കി.
പി.കെ ദിവാകരനെ കോഴിക്കോട് ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ വടകരയില്‍ നടന്ന പ്രകടനം മാത്രമാണ് പിന്നീടുണ്ടായ ഏക അപസ്വരം . തിരുവനന്തപുരം , ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, എറണാകുളം ജില്ല സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ കേള്‍ക്കാന്‍ മുഖ്യമന്ത്രി സജീവമായി പങ്കെടുത്തതോടെ സര്‍ക്കാരിനെതിരെ വിമര്‍ശങ്ങള്‍ക്ക് കാര്യമായ തീവ്രതയുണ്ടായില്ല.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന മാസപ്പട ആക്ഷേപത്തിന്‍റെ വസ്തതു എന്തെന്ന് ചോദിക്കാനള്ള ധൈര്യം പോലും സമ്മേളനങ്ങളില്‍ ആര്‍ക്കുമുണ്ടായില്ല. പി വി അന്‍വറും ജില്ലാ സമ്മേളനങ്ങളില്‍ ചര്‍ച്ചയായില്ല. മുഖ്യമന്ത്രിയെ കാര്യമായി കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളെ സ്തുതിക്കുകയും ചെയ്തു.. നേതാക്കന്‍മാര്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നു , പൊലീസിന് മേല്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും നിയന്ത്രണമില്ല , ആര്‍ എസ് എസ് സ്വാധീനം പൊലീസിലുണ്ട് എന്നിങ്ങനെ ഒതുങ്ങി വിമര്‍ശനങ്ങള്‍.
പ്രായപരിധി കഴിഞ്ഞവരെയും പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തുകയും ചെയ്ത ജില്ലാ സെക്രട്ടറമാരെ മാറ്റിയപ്പോള്‍ ആറു ജില്ലകളിലാണ് പുതുമുഖങ്ങള്‍ വന്നത്. പത്തനംതിട്ട രാജു എബ്രഹാം, വയനാട് കെ റഫീക്ക്, മലപ്പുറത്ത് വി.പി അനില്‍കുമാര്‍, കോഴിക്കോട് എം മെഹബൂബ്, കാസര്‍കോട് എം രാജഗോപാല്‍, തൃശൂര്‍ കെ വി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പുതിയ ജില്ലാ സെക്രട്ടറിമാരാക്കി പാര്‍ട്ടി ജില്ലകളില്‍ മുഖം മിനുക്കി.