പാലക്കാട് നെന്മാറയില്‍ അരുംകൊല നടത്തിയ പ്രതിയുടെ പേര് കേട്ടവരെല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നിരിക്കാം. ചെന്താമര. ആദ്യം കേള്‍ക്കുമ്പോള്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് സംശയം തോന്നുന്ന പേര്. അതുപോലെ തന്നെ അതിക്രൂരനായ സൈക്കോ കൊലയാളിക്ക് ഇങ്ങനെ ഒരു പേരോ എന്ന് അടക്കം പറഞ്ഞവരും കുറവല്ല. എന്നാല്‍ ആ പ്രതിയുടെ യഥാര്‍ത്ഥ പേര് ചെന്താമര എന്നല്ല, ചെന്താമരാക്ഷന്‍ എന്നാണ്. വെളിപ്പെടുത്തിയത് മറ്റാരുമല്ല, സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ. നിയമസഭയില്‍ പൊലീസ് വീഴ്ച അടിയന്തിര പ്രമേയ നോട്ടീസായി വന്നപ്പോള്‍ അതിന് നല്‍കിയ മറുപടിയിലാണ് ചെന്താമര എന്ന പ്രതിയെ ചെന്താമരാക്ഷന്‍ എന്ന് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി വിശദീകരിച്ചത്.
ചെന്താമര എന്ന് വിളിക്കുന്ന ചെന്താമരാക്ഷന്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചെന്താമരാക്ഷന്‍ എന്ന പേര് നാട്ടുകാര്‍ ചുരുക്കി വിളിച്ചാണ് സൈക്കോ കൊലയാളി ചെന്താമരയായി മാറിയയത്. നെന്‍മാറയില്‍ അയല്‍വാസികളായ സുധാകരന്‍, അമ്മ ലക്ഷമി എന്നിവരെയാണ് ചെന്താമര വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ഒളിവില്‍ പോയ ചെന്താമരയെ പൊലീസ് കാട്ടിനുള്ളില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ജയിലിലാണ്. നേരത്തെ സുധാകരന്‍റെ ഭാര്യയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. അതില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര വീണ്ടും രണ്ട് അരുംകൊല നടത്തിയത് പൊലീസ് വീഴ്ചയെന്നായിരുന്നു പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രി അത് നിഷേധിച്ചിരുന്നു.