പുതുതായി നിർമിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജിനെ മറയാക്കിക്കൂടിയാണ് ആഴത്തിൽ പുഴ കുഴിച്ചുള്ള ഖനനത്തിന് പദ്ധതി തയ്യാറാക്കിയത്. റഗുലേറ്ററിന് മുകളിലേക്കുള്ള ഭാഗത്തിനൊപ്പം താഴേക്കുമുള്ള ഭാഗത്ത് നിരന്നു കിടക്കുന്ന ഈ മണൽപ്പരപ്പ് മൂന്നു മീറ്റർ ആഴത്തിൽ കുഴിച്ചെടുക്കാനാണ് അനുമതി. അതിന് വലിയ ഡ്രഡ്ജറുകളും എസ്ക്കവേറ്ററുകളും മണ്ണുമാന്തിയന്ത്രങ്ങളുമെല്ലാം ആവശ്യാനുസരണം പുഴയിൽ ഇറക്കാം. ഖനനം നടത്താം.
പുഴയിൽ നിന്ന് തൊഴിലാളികൾക്ക് മണല്‍ വാരിയെടുക്കാൻ മാത്രമാണ് നേരത്തെ അനുമതി നൽകിയിരുന്നത്. പുഴ മലിനപ്പെടുമെന്ന സാധ്യത കണക്കിലെടുത്ത് ലോറികൾ പോലും ഇറക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല.
രണ്ടുവര്‍ഷം കൊണ്ട് ഈ കടവില്‍ നിന്നുമാത്രം 250 കോടിയിലേറെ രൂപ മണൽ വിറ്റ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡിലേക്ക് അടയ്ക്കണമെന്നാണ് ടെന്‍ഡറിലെ വ്യവസ്ഥ.
ആദ്യലക്ഷ്യം ഫലം കണ്ടാൽ പുഴയിലെ മറ്റു കടവുകളിൽ കൂടി സമാനമായ രീതിയിൽ മണലൂറ്റിന് ടെൻഡർ വിളിക്കാനാണ് ധാരണ. പാരിസ്ഥിതികാഘാത പഠനം നടത്താതെയാണ് ആഴത്തിലുള്ള മണലെടുപ്പിന് നീക്കം.
മണൽ വാരുന്നതിന് ആരും എതിരല്ല. എന്നാൽ വലിയ ഡെഡ്ജറുകളൊക്കെ ഉപയോഗിച്ചുള്ള ഖനനം ഭാരതപ്പുഴയെ തന്നെ ഇല്ലാതാക്കുമെന്നാണ് ആശങ്ക.