സര്‍ഫാസി ആക്ട് പ്രകാരം ജപ്തിയുടെ പേരില്‍ ആരെയും വീടിന് പുറത്താക്കരുതെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും കഴിഞ്ഞ ഒന്‍പത് ദിവസമായി വീടിന് പുറത്താണ് കൊല്ലം കൊട്ടിയം പറക്കുളം സ്വദേശി വിനേശും കുടുംബവും. കേരളബാങ്കിന്റെ കൊട്ടിയം ശാഖയിലെ വായ്പാത്തുക തിരിച്ചടയ്ക്കാത്തതിനാല്‍ വീടും സ്ഥലവും ജപ്തി ചെയ്തതോടെയാണ് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് വീടില്ലാതായത്.
കൊച്ചുകുഞ്ഞുങ്ങളെയും കൊണ്ട് എവിടേക്ക് പോകുമെന്നറിയാതെ പെരുവഴിയില്‍ നില്‍ക്കുകയാണ് വിനേശും കുടുംബവും. കൊട്ടിയം പറക്കുളത്തെ ഏഴ് സെന്റ് സ്ഥലവും വീടുമാണ് ജപ്തി ചെയ്തത്. കേരളബാങ്കിന്റെ കൊട്ടിയം ശാഖയില്‍ നിന്നെടുത്ത വായ്പാതിരിച്ചടവ് മുടങ്ങിയതോടെ പതിനൊന്നരലക്ഷം രൂപ തിരിച്ചടയ്ക്കണം. മരപ്പണിക്കാരനായ വിനേശിന് കാഴ്ച ഭാഗീകമായി കുറഞ്ഞതോടെയാണ് വരുമാനമില്ലാതായതും വായ്പാതിരിച്ചടവ് മുടങ്ങിയതും.
വിനേശും ഭാര്യ ഓമനയും മകളും മകളുടെ മൂന്നു കുഞ്ഞുങ്ങളുമാണുളളത്. കുഞ്ഞുങ്ങളെ സ്കൂളില്‍ പോലും വിടുന്നില്ല. കുറച്ചു വീട്ടുസാധനങ്ങളുമായി വീട്ടുമുറ്റത്തെ ഷെഡിലാണ് കുടുംബം.അഞ്ചുവര്‍ഷമായി വായ്പാതിരിച്ചടവിന് പലവട്ടം സമയം നല്‍കിയതാണെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം