തിരുവനന്തപുരം പാലോട് വനത്തിൽ അമ്പതുകാരൻ മരിച്ചത് കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. മടത്തറ ശാസ്താംനട സ്വദേശി ബാബുവിൻ്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഉൾക്കാട്ടിൽ നിന്ന് പുറത്തെത്തിച്ച മൃതദേഹം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
കഴിഞ്ഞ ബുധനാഴ്ച ബന്ധുവിൻ്റെ പറമ്പിൽ പണിക്ക് പോയതാണ് ബാബു. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറാംനാൾ മൃതദേഹം കണ്ടെത്തുന്നത്. ഇന്നലെ രാത്രി കാട്ടിലേയ്ക്ക് പോകുന്നത് ബുദ്ധിമുട്ടായതിനാൽ ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. മൃതദേഹ പരിശോധനയിൽ കാട്ടാന കൊമ്പിൽ കോർത്ത് എറിഞ്ഞതാണെന്ന് സ്ഥിരീകരിച്ചു. കാട്ടിനുള്ളിലെ വഴിയിലൂടെ പണിസ്ഥലത്തേയ്ക്ക് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. ജനവാസ മേഖലയിൽ നിന്ന് അഞ്ചു കിലോമീറ്റർ മാറി ഉൾവനത്തിലാണ് ആക്രമണമുണ്ടായത്.ബാബു സ്ഥിരമായി പോകുന്ന എളുപ്പവഴിയാണിത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റും.