നിയമസഭയില്‍ മന്ത്രി എം.ബി.രാജേഷിനെ ‘ചട്ടം പഠിപ്പിച്ച്’ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സ്പീക്കറുടെ അനുവാദമില്ലാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞതില്‍ മുന്നറിയിപ്പ്. ഇങ്ങനെ ചെയ്താല്‍ മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് ഇനിമുതല്‍ നല്‍കില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍.
ലഹരിയില്‍ ജീവിതം ഹോമിക്കുന്ന മക്കളെ ഭയന്ന് കഴിയുന്ന അമ്മമാരുടെ നാടായി കേരളം മാറിയെന്ന് പ്രതിപക്ഷം നിയമസഭയില്‍. കേരളത്തിലെ യുവത്വം ലഹരിയുടെ മയക്കത്തിലെന്ന് പ്രതിപക്ഷനേതാവ്. കഞ്ചാവിന്റെ കാലം പോയി, സംസ്ഥാനത്ത് രാസലഹരികള്‍ ഒഴുകുകയാണ്. ഈ മാഫിയയെ പുറത്തുകൊണ്ടുവരാന്‍ എന്താണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സതീശന്‍ ചോദിച്ചു.
ലഹരിവ്യാപനം തടയാനുള്ള വിമുക്തി പദ്ധതി പരാജയമെന്നും സതീശന്‍ ആരോപിച്ചു. വ്യാപനം കേരളത്തിലുണ്ടെന്നും എന്നാല്‍ ഇവിടെ മാത്രമുള്ള പ്രശ്നമല്ലെന്ന് മന്ത്രി എം.ബി.രാജേഷിന്റെ മറുപടി. കാര്യഗൗരവത്തോടെ വിഷയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥിനെ അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞപോലെ കേരളം ലഹരിയുടെ കേന്ദ്രമായി മാറിയില്ലെന്നും മന്ത്രി.
ഏറ്റവും കുറവ് ലഹരി ഉപയോഗവും കൂടുതല്‍ അറസ്റ്റും ശിക്ഷയും കേരളത്തിലാണ്. ലഹരിക്കെതിരായ പ്രവര്‍ത്തനം ഇനിയും ശക്തിപ്പെടുത്തണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് യോജിപ്പാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലഹരി ഉപയോഗം മൂലമുള്ള കുറ്റകൃത്യങ്ങള്‍ കൂടിയെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് പി.സി.വിഷ്ണുനാഥ് എംഎല്‍.എ പറഞ്ഞു. കേരളമാണ് ലഹരിയുടെ കേന്ദ്രമെന്ന ധ്വനിയാണ് പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗങ്ങളിൽ ഉള്ളതെന്ന് കെ.എം.സച്ചിന്‍ദേവ് എം.എല്‍.എയുടെ മറുപടി. കഞ്ചാവ് ഉപയോഗം ഏറ്റവും കുറവ് കേരളത്തിലെന്നും സച്ചിന്‍ദേവ് എം.എല്‍.എ.
എക്സൈസ് കേസെടുക്കുമ്പോൾ ആവശ്യമായ പരിശോധന നടത്താറുണ്ടോയെന്ന് സഭയില്‍ യു.പ്രതിഭ എം.എല്‍.എയുടെ ചോദ്യം. തെറ്റായ രീതിയിലോ പകപോക്കലോ ആയി കേസ് എടുത്താൽ അതിൽ നടപടി ഉണ്ടായിട്ടുണ്ടെന്ന് ചാലക്കുടി സംഭവം ചൂണ്ടിക്കാട്ടി എം.ബി രാജേഷിന്റെ മറുപടി. പ്രതിഭയുടെ മകനെ ലഹരിക്കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.