അക്രമാസക്തനായ അതിഥിത്തൊഴിലാളിയുടെ കല്ലേറില്‍ എഎസ്ഐയുടെ തലയ്ക്ക് ഗുരുതരപരുക്ക്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ അര്‍ധരാത്രി അക്രമാസക്തനായ അരുണാചല്‍പ്രദേശ് സ്വദേശിയാണ് കീഴ്പ്പെടുത്താന്‍ ശ്രമിച്ച പൊലീസ് സംഘത്തെ കരിങ്കല്ലുകൊണ്ട് ആക്രമിച്ചത്. ഏറുകൊണ്ടുവീണ എഎസ്ഐ ഷിബി കുര്യന്റെ തലയില്‍ ഏഴ് തുന്നിക്കെട്ടുണ്ട്.
ഒപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ക്കും മര്‍ദനമേറ്റു. ഇരുവരെയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ അരുണാചല്‍ മഹാദേവപുര്‍ സ്വദേശി ധനഞ്ജയ് ധിയോറിയെ പൊലീസ് അറസ്റ്റ്ചെയ്തു. ഞായറാഴ്ച രാത്രി 11,30നായിരുന്നു സംഭവം. ഈച്ചമുക്ക് ടിവി സെന്ററിനു സമീപം വഴിയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ അതിഥിത്തൊഴിലാളി ആക്രമണം നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.
ധനഞ്ജയിനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുന്നതിനിടെയാണ് എഎസ്ഐയ്ക്ക് ഏറു കിട്ടിയത്. ആദ്യം എഎസ്ഐയുടെ യൂണിഫോം വലിച്ചുകീറിയ ധനഞ്ജയ് പൊലീസിന്റെ വിസില്‍കോഡ് തട്ടിയെടുത്ത ശേഷം അതുപയോഗിച്ചും ആക്രമിച്ചു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ്കുമാറിനു മര്‍ദനമേറ്റത്. ഇതിനുശേഷം റോഡില്‍ നിന്നും കല്ലെടുത്ത് എഎസ്ഐക്കുനേരെ എറിഞ്ഞു.
നെറ്റിക്കു മുകളില്‍ തലയുടെ ഇടതുഭാഗത്താണ് ഏറുകിട്ടിയത്. കവിളിലും പരുക്കുണ്ട്. പിന്നീട് പൊലീസ് ധനഞ്ജയിനെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്കുമാറ്റി. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും കേസെടുത്തു.