കൊച്ചി കയർ ബോർഡ് ഓഫീസിൽ തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി പാലാരിവട്ടം ആലിൻചുവട് സ്വദേശി ജോളി മധു മരിച്ചതില്‍ അന്വേഷണത്തിന് എംഎസ്എംഇ മന്ത്രാലയം ഉത്തരവിട്ടു. മൂന്നംഗസമിതി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ജോളി മരിച്ചത് തൊഴില്‍പീഡനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.
Read Also: തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി മരിച്ചു; ആരോപണങ്ങള്‍ തള്ളി കയര്‍ ബോര്‍ഡ്
തലയിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ജോളി മരിച്ചത്. സംഭവത്തിൽ കയർ ബോർഡ് ചെയർമാനും മുൻ സെക്രട്ടറിക്കുമെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. കേന്ദ്രസർക്കാരിന് കീഴിലുള്ള കയർ ബോർഡിന്റെ കൊച്ചി ഓഫീസിലെ സെക്ഷൻ ഓഫീസർ ആയിരുന്ന ജോളി തൊഴിലിടത്ത് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനം എന്നാണ് കുടുംബത്തിന്റെ പരാതി.
അതേസമയം, കുടുംബത്തിന്‍റെ ആരോപണങ്ങള്‍ തള്ളി കയര്‍ ബോര്‍ഡ് രംഗത്തെത്തി. പരാതിക്കാരിയുടെ ആരോഗ്യസ്ഥിതി അറിഞ്ഞപ്പോള്‍ സ്ഥലംമാറ്റം റദ്ദാക്കിയിരുന്നു. മറ്റ് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വേണ്ട നടപടി സ്വീകരിക്കും. അവധിയും വേതനവും അനുവദിച്ചെന്നുമാണ് ബോര്‍ഡിന്‍റെ വിശദീകരണം.