കിഫ്ബി റോഡുകളിൽ ടോൾ പിരിക്കുമെന്ന സൂചന നൽകി ധനമന്ത്രി നിയമസഭയിൽ. ടോൾ എന്നു പറഞ്ഞ് ആശങ്ക ഉണ്ടാക്കരുത് എന്ന് മാത്രമാണ് പ്രതിപക്ഷത്തിന്‍റെ വിമർശനങ്ങൾക്ക് കെ.എൻ. ബാലഗോപാൽ നൽകിയ മറുപടി. വെൻ്റിലേറ്ററിൽ ആയ കിഫ്ബിയുടെ പ്ലഗ് എപ്പോൾ ഊരണം എന്നു മാത്രമാണ് ഇനി സർക്കാർ തീരുമാനിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് കടുത്ത വിമർശനം ഉയർത്തി.
കൊള്ള പലിശയ്ക്ക് മസാല ബോണ്ട് വഴി പണം എടുത്തും ബജറ്റിന് പുറത്ത് കടം എടുത്തും സംസ്ഥാനത്തെ ജനങ്ങളുടെ മേൽ കിഫ്ബി വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കി എന്നു കാണിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. ഇതിനും പുറമെ ഇനി കിഫ്ബി റോഡുകളിൽ ടോളും കൂടി ഏർപ്പെടുത്താനാണ് ശ്രമമെന്നും പ്രതിപക്ഷം ആരോപിച്ചു. വരുമാനമുണ്ടാക്കുന്ന പദ്ധതികൾ വേണമെന്നത് കിഫ്ബിയുടെ നേരത്തെയുള്ള തീരുമാനമാണെന്ന് മറുപടി നൽകിയ ധനമന്ത്രി, കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്തില്ല എന്ന് അസന്നിഗ്ധമായി പറഞ്ഞില്ല.
കിഫ്ബിയുടെ കടം മുഴുവൻ സർക്കാരിന്‍റെ കടമായി തന്നെ മാറും എന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയില്ലേ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. റോഡ് സെസും മോട്ടോർ വാഹന നികുതിയും പിരിച്ചിട്ട് വീണ്ടും സെസ് കൊണ്ടുവരാനുള്ള നീക്കത്തെ പ്രതിപക്ഷം നിശിതമായി വിമർശിച്ചു. കിഫ്ബി മരണാസന്നമാണെന്ന പ്രതിപക്ഷ പരാമർശവും ചൂടേറിയ ചർച്ചക്ക് വഴിവെച്ചു. കിഫ്ബിയിലൂടെ സർക്കാർ സംസ്ഥാനത്തെ നിലയില്ലാത്ത സാമ്പത്തിക പ്രശ്നങ്ങളിൽ മുക്കിത്താഴ്ത്തുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.