കൊച്ചി പാലാരിവട്ടത്ത് ട്രാൻസ് വുമണിനെ ക്രൂരമായി മർദിച്ച ലോറി ഡ്രൈവറെ പിടികൂടാനാകാതെ പൊലീസ്. കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ ട്രാന്‍സ്‍വുമണിന് കൈയ്ക്കും കാലിനും ഗുരുതരപരുക്കേറ്റിരുന്നു. സുഹൃത്തിനെ കാത്തിരുന്ന തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നെന്നും 'നിങ്ങളെപ്പോലുള്ളവര്‍ ജീവിക്കണ്ട, എല്ലാത്തിനെയും കൊന്നൊടുക്കും' എന്ന് പറഞ്ഞാണ് ലോറി ഡ്രൈവര്‍ മര്‍ദിച്ചതെന്നും അതിജീവിത വെളിപ്പെടുത്തി.
മര്‍ദനമേറ്റ ട്രാന്‍സ്‍വുമണിന്‍റെ വാക്കുകള്‍
'ഏതോ മുടി വളര്‍ത്തിയ സ്ത്രീയെ അന്വേഷിച്ചാണ് അയാള്‍ വന്നത്. അമ്മക്ക് സുഖമില്ലാത്തത് കൊണ്ട് വീട്ടില്‍ ചെന്ന് കണ്ട് തിരിച്ചിറങ്ങിയപ്പോള്‍ 1.45 ആയിരുന്നു. എന്‍റെ സുഹൃത്തിനെയും കാത്ത് മെട്രോ സ്റ്റേഷന് കീഴില്‍ ഇരിക്കുകയായിരുന്നു. ഫോണില്‍ റീല്‍സും കണ്ട് ഇരിക്കുന്നതിനിടെ ഇടത് വശത്ത് നിന്നും വലിയൊരു വടിയും കൊണ്ട് ഒരാള്‍ വന്നിട്ട് നല്ല നീളമുള്ള മുടി വളര്‍ത്തിയ ഒരു സ്ത്രീയെ അറിയുമോ എന്ന് ചോദിച്ചു. ഞാന്‍ അറിയില്ലെന്ന് പറഞ്ഞു. പറഞ്ഞതും അയാള്‍ ഒരു അടിയായിരുന്നു. തല ഭാഗത്തേക്കാണ് അയാള്‍ അടിച്ചത്. ആ അടി ഞാന്‍ തടഞ്ഞപ്പോഴേക്കും എന്റെ വിരല്‍ ഒടിഞ്ഞു, മൊബൈല്‍ തെറിച്ച് വീണു. അതിന് ശേഷം വീണ്ടും അയാള്‍ എന്തൊക്കെയോ വിളിച്ച് പറഞ്ഞ് രണ്ടാമത്തെ അടി അടിച്ചു. ജീവിപ്പിക്കില്ല, നിങ്ങളെപ്പോലുള്ളവര്‍ ജീവിക്കണ്ട, എല്ലാത്തിനെയും കൊന്നൊടുക്കും എന്നൊക്കെ പറയുന്നുണ്ടായിരുന്നു. മൂന്നാമത്തെ അടി കൊണ്ടപ്പോഴേക്കും എന്‍റെ ബോധം പോയി എനിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയാതെയായി. ഞാന്‍ ഓടി നീങ്ങി. പിന്നെയും പുള്ളിക്ക് അടിക്കണമെന്നുണ്ടായിരുന്നു പക്ഷേ ഊബറുകാരും സിസിടിവിയുമൊക്കെ ഉള്ളത് കൊണ്ടാണ് തല്ലാതിരുന്നത്.
എനിക്ക് അയാളെ യാതൊരുവിധ പരിചയവും ഇല്ലായിരുന്നു. നാട്ടുകാര് പറഞ്ഞത് അവിടെ മലിനജലം ഒഴുക്കാന്‍ വരുന്നവരാണെന്നാണ് പറഞ്ഞത്. അവരാണ് വണ്ടി നമ്പര്‍ എടുത്ത് തന്നത്. പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസുകാര്‍ പറഞ്ഞിട്ടാണ് ഹോസ്പിറ്റലില്‍ പോയത്. കമ്പി വടികൊണ്ടുള്ള അടിയില്‍ വിരല്‍ ഒടിഞ്ഞു. രണ്ടാമത്തെ അടി കാലിനും മൂന്നാമത്തെ അടി പുറകിലും കൊണ്ടു. ഇതുപോലൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. തെളിവുകള്‍ കൊടുത്തിട്ടും പ്രതികളെ ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും എറണാകുളം ടൗണില്‍ ജീവിക്കുന്നവരാണ് പ്രതികള്‍'.
ഡ്രൈവറുടെ ആക്രമണത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ രണ്ടുമണിക്ക് പാലാരിവട്ടം മെട്രോ സ്റ്റേഷൻ സമീപം സുഹൃത്തിനെ കാത്തിരുന്നട്രാൻസ് വുമണിനാണ് മർദ്ദനമേറ്റത്. പ്രകോപനം ഒന്നും കൂടാതെയായിരുന്നു ലോറി ഡ്രൈവറിന്റെ മർദനം. കമ്പി വടി കൊണ്ട് ട്രാൻസ് വുമണിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ട്രാൻസ്ജെൻഡറുകളുടെ കയ്യും കാലും തല്ലിയൊടിക്കും എന്ന് അക്രമി വിളിച്ചുപറയുന്നുണ്ടായിരുന്നു.
ആക്രമണത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, അക്രമി എത്തിയ വാഹന നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.