ഹോസ്റ്റലിന്റെ നാലാമത്തെ നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റിരുന്ന ആശുപത്രി ജീവനക്കാരിൽ ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന ആശുപത്രി ലാബ് ജീവനക്കാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊല്ലം നഗരപരിധിയിലുള്ള ആശുപത്രിയിലെ എച്ച്ആർ ജീവനക്കാരി തൃശൂർ പിള്ളത്ത് ഹൗസിൽ മനീഷയാണ് (25) മരിച്ചത്. ഒപ്പം വീണ് പരുക്കേറ്റ കണ്ണൂർ കിഴക്കേ വീട്ടിൽ സ്വാതി സത്യൻ (25) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് മനീഷ മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ചാത്തന്നൂരിലെ ഹോസ്റ്റലിൽ വെച്ചായിരുന്നു അപകടം. രണ്ടാമത്തെ നിലയിൽ താമസിക്കുന്ന സ്വാതി സത്യനും മനീഷയും ടെറസിലെത്തി പ്ലംബിംഗ് ഡക്ടിന് മുകളിലെ സ്ലാബിലിരുന്ന് ആഹാരം കഴിക്കുകയായിരുന്നു. ഇതിനിടെ സ്ലാബ് തകർന്ന് വീഴുകയും, രണ്ട് പേരും താഴേക്ക് പതിക്കുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ യുവതികളിലൊരാൾ ഇഴഞ്ഞെത്തിയാണ് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചത്. സംഭവത്തിൽ കൊല്ലം ചാത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.