ഈ മാസം പതിനാലിനാണ് എലപ്പുള്ളിയിലെ അവിശ്വാസ ചര്‍ച്ച. കോണ്‍ഗ്രസ് ഭരണസമിതിക്കെതിരായ അവിശ്വാസം മദ്യനിര്‍മാണശാലയ്ക്ക് തടസം നില്‍ക്കുന്നതിനാലെന്ന് സിപിഎം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലരെ കൂടെക്കൂട്ടാന്‍ സിപിഎം ശ്രമം തുടങ്ങിയതായ സൂചനയുള്ളത്.
വലത്ത് നിന്നും ഇടത്തോട്ട് ചാഞ്ഞാല്‍ പ്രസിഡന്‍റ് പദം, ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ ഉയര്‍ന്ന പദവി, ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാനങ്ങളുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. ഇത് സിപിഎമ്മിന്‍റെ തന്ത്രമാണെന്നും തരംതാണ കളിയിലൂടെ നീങ്ങിയാലും അവിശ്വാസം പാസാവില്ലെന്നും ഡിസിസി നേതൃത്വം.
'സിപിഎം എന്ത് ചെയ്താലും കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് തന്നെയാവും എലപ്പുള്ളിയില്‍ തുടരുക. അതിന് യാതൊരുവിധ സംശയവുമില്ല. എന്ത് ഓഫര്‍ ചെയ്താലും കോണ്‍ഗ്രസുകാര്‍ മാറ്റ് വോട്ട് ചെയ്യില്ല' - എ.തങ്കപ്പന്‍, ഡി.സി.സി പ്രസിഡന്‍റ്.
ഇരുപത്തി രണ്ടംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് ഒന്‍പത്, സിപിഎം എട്ട്, ബി.ജെ.പി അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. ചെറിയ ചാഞ്ചാട്ടമുണ്ടെങ്കില്‍ പോലും സിപിഎമ്മിന് വലിയ രാഷ്ട്രീയ നേട്ടമാവും. കോണ്‍ഗ്രസ് ആരോപിക്കുന്ന മട്ടില്‍ യാതൊരു നീക്കവുമില്ലെന്നാണ് സിപിഎം പറയുന്നത്.
പിന്തുണ ഉറപ്പിക്കാന്‍ ഡിസിസി നേതൃത്വം അടുത്തദിവസം കോണ്‍ഗ്രസ് അംഗങ്ങളുമായി ചര്‍ച്ച നടത്തും. അവിശ്വാസ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ബി.ജെ.പി തീരുമാനം.