ഭാസ്ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ ജയില്‍മോചിതയായി പുറത്തിറങ്ങുമോ എന്ന ചോദ്യങ്ങള്‍ക്കിടെയാണ് അട്ടക്കുളങ്ങരയിലെ സഹതടവുകാരി സുനിതയുടെ വെളിപ്പെടുത്തല്‍. 2015ലാണ് നാലുമാസക്കാലം സുനിത അവിടെ ഉണ്ടായിരുന്നത്. തൊട്ടടുത്ത സെല്ലില്‍ കണ്ട കാഴ്ചകളാണ് സുനിത വെളിപ്പെടുത്തുന്നത്. ഷെറിന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു സുനിതയുണ്ടായിരുന്നത്.  ജയില്‍ ഉദ്യോഗസ്ഥരുമായും പുറത്തുള്ളവരുമായും സ്വാധീനമുള്ളതുകൊണ്ടാണ് ഷെറിന് സെല്ലില്‍ വിഐപി പരിഗണന ലഭിച്ചതെന്നും സുനിത പറയുന്നു.

മൂന്നുനേരം പുറത്തുനിന്നുള്ള ഭക്ഷണം, സ്വന്തമായി മൊബൈല്‍ഫോണ്‍,പത്തുപതിനായിരം രൂപയുടെ മേക്കപ് സാധനങ്ങള്‍, വീട്ടില്‍ നിന്ന് കൊണ്ടുവന്ന വസ്ത്രങ്ങള്‍, ബെഡ്, ബെഡ്ഷീറ്റുകള്‍, ഓഫീസില്‍ നിന്ന് സെല്ലിലേക്ക് നടക്കാന്‍ കുട. പുറത്തെങ്ങനെയാണോ അതേ രീതിയിലാണ് ജയിലിനകത്തും ഷെറിന്‍ കഴിഞ്ഞതെന്നും സുനിത പറയുന്നു. 

ആദ്യം ഇക്കാര്യങ്ങൾ കാണിച്ച് ജയില്‍ സൂപ്രണ്ടിനോട് പരാതിപ്പെട്ടെന്നും ചിരിയോടെ സൂപ്രണ്ട് ആ പരാതി വാങ്ങിവയ്ക്കുകയായിരുന്നുവെന്നും സുനിത. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് ഡിജിപി സെന്‍കുമാറിന് എല്ലാ കാര്യങ്ങളും കാണിച്ച് പരാതി നൽകി. പ്രദീപ് സര്‍ വൈകിട്ട് വരുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയത്.  എന്നാല്‍ അട്ടക്കുളങ്ങരയിലെ അന്തേവാസികളെയെല്ലാം അപമാനിക്കും വിധത്തിലുള്ള നീക്കമാണ് തന്റേതെന്ന് കാണിച്ച് നടപടി ഭീഷണിയായിരുന്നു ആ പരാതിക്കും ലഭിച്ചതെന്നും സുനിത മനോരമന്യൂസിനോട് പറഞ്ഞു. 

ഷെറിനെ സംരക്ഷിച്ചത് ജയില്‍ ഉദ്യോഗസ്ഥരെന്നും തൃശൂര്‍ സ്വദേശി സുനിത പറയുന്നു. പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയിലിൽനിന്ന് വിട്ടയയ്ക്കുന്നതിന് ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് വിവാദമായിരുന്നു. കണ്ണൂർ ജയിൽ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചായിരുന്നു തീരുമാനം. മൂന്നു ജീവപര്യന്തം തടവാണ് 2010 ജൂണിൽ മാവേലിക്കര അഡീഷനൽ സെഷൻസ് അതിവേഗ കോടതി വിധിച്ചത്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതാവസാനം വരെയുള്ള തടവാണെങ്കിലും 14 വർഷം ജയിലിൽ കഴിഞ്ഞാൽ ഇളവു നൽകുന്ന കാര്യം സർക്കാരിനു പരിഗണിക്കാം. ഷെറിൻ 14 വർഷത്തെ ജയിൽ വാസം പൂർത്തിയാക്കിയതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 8ന് ചേർന്ന ജയിൽ ഉപദേശക സമിതി, വിട്ടയയ്ക്കാൻ ശുപാർശ ചെയ്തിരുന്നു. 

സംസ്ഥാനത്തെ ജയിലുകളിലെ ജീവപര്യന്തം തടവുകാരായ വനിതകളിൽ ഏറ്റവും കൂടുതൽ പരോൾ ലഭിച്ച ഒരാൾ ഷെറിനാണ്. പലപ്പോഴായി ഒരു വർഷത്തിലേറെ ഇവർ പരോളിലായിരുന്നു. ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്നു ഷെറിൻ. പിന്നീട് തൃശൂർ വിയ്യൂർ ജയിലിലേക്കും പിന്നാലെ അട്ടക്കുളങ്ങരയിലേക്കും മാറ്റി. 2 വർഷം മുൻപ് കണ്ണൂർ വനിതാ ജയിലി‌ലേക്ക് ഷെറിനെ മാറ്റിയിരുന്നു.

Amid questions about whether Sherin, the accused in the Bhaskara Karanavar murder case, will be released from jail, fellow inmate Sunitha has made a revelation:

Amid questions about whether Sherin, the accused in the Bhaskara Karanavar murder case, will be released from jail, fellow inmate Sunitha has made a revelation. Sunitha was at Attakulangara prison for four months in 2015. She has now disclosed what she witnessed in the adjacent cell. Sunitha was in the cell right next to Sherin's. She claims that Sherin received VIP treatment in prison due to her influence over jail officials and people outside.