klm-budget

കൊല്ലംകാരനായ ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ കോളടിച്ചത് കൊല്ലം ജില്ലക്ക്. ഐ.ടി പാര്‍ക്കും റോഡ് ഇടനാഴിയും ഫുഡ് പാര്‍ക്കും തുടങ്ങി സ്വന്തം മണ്ഡലമായ കൊട്ടാരക്കരയിലെ ഗണപതി ക്ഷേത്രത്തെ പില്‍ഗ്രിം സെന്‍ററാക്കുന്ന പദ്ധതി വരെ മന്ത്രി അനുവദിച്ചു.  മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരിനും രണ്ട് വന്‍ പദ്ധതികളിലായി 400 കോടിയിലേറെ രൂപ അനുവദിച്ചു.  എല്ലാ ജില്ലയ്ക്കും ഒരേ പരിഗണനയെന്നായിരുന്നു കെ.എന്‍.ബാലഗോപാലിന്‍റെ പ്രതികരണം.

കൊല്ലം–കൊല്ലം–കൊല്ലം 36 തവണ–കൊട്ടാരക്കര 7 തവണ  ബജറ്റില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട സ്ഥലപ്പേര് ഇവയാണ്. കൊല്ലം മാത്രം 36 തവണ.  ഒറ്റയടിക്ക് രണ്ട് ഐ.ടിപാര്‍ക്കാണ് സ്വന്തം ജില്ലയില്‍ മന്ത്രി കൊണ്ടുവരുന്നത്. ഒന്ന് കൊല്ലം നഗരത്തിലെങ്കില്‍ രണ്ടാമത്തേത് സ്വന്തം മണ്ഡലമായ കൊട്ടാരക്കരയില്‍. വിഴിഞ്ഞം തുറമുഖത്തില്‍ നിന്നുള്ള വികസന ഇടനാഴി കൊല്ലം വഴി പുനരൂലിരേക്ക് തിരിച്ചുവിടും. 

ഇതൊന്നും കൂടാതെ ചരിത്ര മ്യൂസിയത്തിന് 20 കോടി, ഫുഡ് പാര്‍ക്കിന് 5 കോടി, മറീന്‍ പാര്‍ക്കിന് 5 കോടി, ശാസ്താംകോട്ട ടൂറിസം പദ്ധതിക്ക് ഒരു കോടി,  ബീച്ച് വികസനം, ജിയോ ട്യൂബ് പദ്ധതി,, എ.രാമചന്ദ്രന്‍ ആര്‍ട് ഗാലറി, ജില്ലയിലെ കല്ലട ജലസേചന പദ്ധതിക്ക് 10 കോടി, ജില്ലയിലുള്ള ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 30 കോടി അങ്ങിനെ വാരിക്കോരി കൊടുത്തു ബാലഗോപാല്‍.

 

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനായി തീര്‍ത്ഥാടന പദ്ധതി പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സ്വന്തം മണ്ഡലത്തോടും മന്ത്രി സ്നേഹം കാട്ടിയത്. പക്ഷെ പ്രത്യേക സ്നേഹം മന്ത്രി തുറന്ന് സമ്മതിക്കില്ല.

പണം മുഴുവന്‍ ധനമന്ത്രി കൊണ്ടുപോയെന്ന കുറ്റം മുഖ്യമന്ത്രി പറയാതിരിക്കാനാവും, കണ്ണൂര്‍ ജില്ലയ്ക്കും ധര്‍മടം മണ്ഡലത്തിനുമുണ്ട് പ്രത്യേക കരുതല്‍. കണ്ണൂരില്‍ ഐ.ടി പാര്‍ക്കിന്  293 കോടി രൂപ കൊടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് 133 കോടിയുടെ ഗ്ളോബല്‍ ഡയറി വില്ലേജാണ് ധനമന്ത്രിയുടെ സമ്മാനം. പണ്ട്  കെ.എം.മാണിയുടെ ബജറ്റിനെ പാലാ–പാണക്കാട് ബജറ്റെന്ന് പരിഹസിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ട്.