വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്നും പീഡനം ഏറ്റുവാങ്ങി ഒടുവില്‍ താന്‍ ആശ്രയമായ പെണ്‍മക്കളെക്കുറിച്ചുപോലും ഓര്‍ക്കാതെയാണ് മലപ്പുറം പെരിന്തല്‍മണ്ണ എടപ്പറ്റ മേലേതില്‍ റിംഷാന മരണം തിരഞ്ഞെടുത്തത്. എന്നാല്‍ സ്വയം തിരഞ്ഞെടുത്തതാണോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ നിരവധിയാണ്. മകളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഉറപ്പിച്ചു പറയുകയാണ് ഉമ്മയും ബന്ധുക്കളും.
കഴിഞ്ഞ ജനുവരി 5നാണ് റിംഷാനയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതകള്‍ ഏറെയാണെന്ന് കുടുംബം പറയുന്നു. ശരീരമാസകലം മര്‍ദനത്തിന്റെയും നീലിച്ചു കിടക്കുന്നതിന്റെയും പാടുകളുണ്ട്. രണ്ട് കവിളിലും മാറിമാറിയടിച്ചതിന്റെ പാടുകള്‍ വ്യക്തം. നെറ്റിയിലും താടിയിലും മുറിവുകള്‍ കാണാമെന്ന് ഉമ്മ സുഹറ പറയുന്നു.
തൂങ്ങിയ കയര്‍ നെഞ്ചിനോട് ചേര്‍ന്നാണ് കിടക്കുന്നത്,സാധാരണ ഒരു തൂങ്ങിമരണത്തില്‍ ഇങ്ങനെയല്ല കാണുക, ഓനെന്താ ന്റെ കുട്ടീനെ കാട്ടിയതെന്ന് എനിക്കറിയണമെന്നും സുഹറ നെഞ്ചുപൊട്ടി പറയുന്നു. ജനലില്‍ കെട്ടിത്തൂങ്ങിയെന്നാണ് പറയുന്നത്, പക്ഷേ ആ ജനലിലെ കര്‍ട്ടന്‍ ഒന്നുനീങ്ങിമാറിയിട്ടു പോലുമില്ലെന്നും ബന്ധുക്കള്‍ വിവരിക്കുന്നു.
വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ റിംഷാന അനുഭവിക്കുകയായിരുന്നുവെന്നാണ് മാതാവ് സുഹറ പറയുന്നത്. ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെണ്‍മക്കളുടെ അമ്മയാണ് റിംഷാന. ഒന്‍പതു വര്‍ഷം മുന്‍പാണ് വിവാഹിതയായത്. തുടര്‍ച്ചയായുളള ശാരീരിക പീഡനങ്ങളെ തുടര്‍ന്ന് മൂന്നു വര്‍ഷം മുന്‍പ് വിവാഹ മോചനത്തിന് ശ്രമം നടന്നിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു റിംഷാന. പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.