സംസ്ഥാനത്ത് സൈബര്‍ അധിക്ഷേപങ്ങള്‍ തടയുന്നതിനായി സൈബര്‍ വിങിനെ ശക്തിപ്പെടുത്തുമെന്ന് ബജറ്റില്‍ ധനമന്ത്രി. പിആര്‍ഡി– പൊലീസ്– നിയമ വകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി രണ്ടുകോടി രൂപ അനുവദിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വലിയ തോതിലുള്ള അധിക്ഷേപമാണ് സൈബറിടത്തില്‍ നടക്കുന്നതെന്നും തെറ്റായ വാര്‍ത്തകളും ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വര്‍ധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകളും നിക്ഷേപ തട്ടിപ്പുകളും ചെറുക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിക്കും. സാമ്പത്തിക സാക്ഷരത വര്‍ധിപ്പിക്കാന്‍ ഉതകുന്ന പരിപാടികള്‍ക്ക് തുടക്കമിടുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി വിവിധ ഏജന്‍സികളുമായും സംഘടനകളുമായും ചേര്‍ന്നുകൊണ്ട് ദേശീയ സമ്പാദ്യപദ്ധതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവും ഇതിനെ തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ ലിറ്ററസി ക്യാംപെയിനും സംഘടിപ്പിക്കുമെന്നും ഇതിലേക്കായി രണ്ട് കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പ്രഖ്യാപിച്ചു.