ക്ഷേമ പെന്‍ഷന്‍ വര്‍ധനവ് പ്രതീക്ഷിച്ചവര്‍ക്ക് നിരാശയായി ബജറ്റ് പ്രഖ്യാപനം. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുമെന്നു മാത്രമാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ബാക്കിയുള്ള മൂന്ന് ഗഡു കുടിശിക സമയബന്ധിതമായി നല്‍കുമെന്നുമാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്.
'ഈ സാമ്പത്തിക വര്‍ഷം രണ്ട് ഗഡു കുടിശ്ശിക അനുവദിക്കുകയുണ്ടായി. 2025-26 ല്‍ അവശേഷിക്കുന്ന മൂന്ന് കുടിശ്ശികകളും അനുവദിക്കും. വരുന്ന സാമ്പത്തിക വര്‍ഷം അതാത് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക കൂടാതെ നല്‍കും' എന്നാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയത്.
കേന്ദ്രം കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോഴും അടിസ്ഥാന ജനവിഭാഗത്തെ കൈവിടാതെ കാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രി പറഞ്ഞു. 60 ലക്ഷം പേര്‍ക്ക് പ്രതിമാസം 1,600 രൂപ പെന്‍ഷന്‍ നല്‍കാന്‍ 11,000 കോടി രൂപയിലധികമാണ് സര്‍ക്കാര്‍ വര്‍ഷത്തില്‍ ചെലവഴിക്കുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം മൊത്തം വിഹിതത്തിന്‍റെ രണ്ട് ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
2021 ജൂണിലെ ബജറ്റിലാണ് ക്ഷേമപെന്‍ഷന്‍ 1,600 രൂപയായി വര്‍ധിപ്പിച്ചത്. ക്ഷേമ പെൻഷൻ 2500 രൂപയാക്കി വര്‍ധിപ്പിക്കുക എന്നത് എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്. രണ്ടാം പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് ക്ഷേമ പെൻഷൻ 2500 രൂപ ആക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ബജറ്റ് നല്‍കുന്ന സൂചന.