ബജറ്റില്‍ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാവുന്ന പദ്ധതികള്‍ ഉണ്ടാകുമെന്ന് കെ.എന്‍.ബാലഗോപാല്‍. നാടിന്‍റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കഴിയുന്നുണ്ട്. സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും അഭിമാന പദ്ധതികള്‍ മുടക്കമില്ലാതെ നടത്താനായെന്നും മന്ത്രി അവകാശപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് കേരളം നേരിട്ടതെന്നും മന്ത്രി വ്യക്തമാക്കി.
ധനമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ: 'ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു.
സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. നിർണായകമായ പല വികസന പദ്ധതികൾക്കും ഇക്കാലയളവിൽ തുടക്കം കുറിച്ചു. മുൻ സർക്കാരിന്റെ അഭിമാന പദ്ധതികൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചു.
ഇപ്പോൾ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്. നമ്മുടെ നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും. എല്ലാവർക്കും ശുഭദിനം'.
രാവിലെ 9ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതുള്‍പ്പെടേയുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തില്‍ വരുമാന വര്‍ധനവിനുള്ള നിര്‍ദേശങ്ങളുമുണ്ടാകും. ഇതിനായി ഫീസുകളും പിഴത്തുകകളും വര്‍ധിപ്പിക്കും. നികുതികളുടെ വര്‍ധനവിനും പുതിയ സെസുകള്‍ക്കും സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
വയനാടിന്‍റെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് നല്‍കിയേക്കും. ദുരിത ബാധിതര്‍ക്കുള്ള ധനസഹായവും തുടര്‍ന്നേക്കും. വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയേക്കുമെന്നും പ്രതീക്ഷിക്കുന്നു. സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായേക്കും.
അതേസമയം ഇവി വാഹങ്ങളുടെ നികുതി ഇളവ് സര്‍ക്കാര്‍ ഒഴിവാക്കിയേക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രീമിയം ചികില്‍സ ഏര്‍പ്പെടുത്തുന്നതും പരിഗണിക്കും. പെന്‍ഷന്‍ പ്രായം കൂട്ടുമോ എന്നും കിഫ്ബി ടോള്‍ പ്രഖ്യാപിക്കുമോ എന്നുമാണ് ബജറ്റില്‍ ഉറ്റുനോക്കുന്നത്.