ഉപ്പും ലേശം മധുരവും കലര്‍ത്തി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍. ശമ്പളപരിഷ്ക്കരണ കുടിശികയുടെ രണ്ടു ഗഡു അനുവദിക്കുമെങ്കിലും, അത് പി.എഫില്‍ ലയിപ്പിക്കുകയേയുള്ളൂ. ഡി.എ കുടിശിക രണ്ടു ഗഡു പിന്‍വലിക്കാനുള്ള വിലക്ക് ഈ സാമ്പത്തിക വര്‍ഷം പിന്‍വലിക്കും. അതേസമയം മെഡിസെപ്പില്‍ വ്യക്തത വരുത്താത്തതും ‘നിശ്ചിത തുക പെന്‍ഷന്‍ പദ്ധതിയില്‍’ മുന്‍ പ്രഖ്യാപനം മാത്രം ആവര്‍ത്തിച്ചതും നിരാശയുണ്ടാക്കുന്നതാണ്.
ജീവനക്കാര്‍ക്ക് പൂര്‍ണമായും സന്തോഷിക്കാനുള്ള വകയല്ല ബജറ്റിലുള്ളത്. ശമ്പള പരിഷ്ക്കരണ കുടിശികയുടെ രണ്ടു ഗഡു നല്‍കും , പക്ഷെ അത് പി.എഫില്‍ ലയിപ്പിക്കുകയേയുള്ളൂ. ഡി.എ കുടിശികയുടെ രണ്ടു ഗഡു ഈ വര്‍ഷം പിന്‍വലിക്കാനാകും. പെന്‍ഷന്‍ കുടിശിക നല്‍കാനായി 600 കോടിയും നല്‍കും. ഒരു ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവും ഏപ്രിലില്‍ നല്‍കും.
ആകെ കുഴഞ്ഞു കിടക്കുന്ന മെഡിസെപ്പിനെ കുറിച്ച് ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് മാത്രമാണ് പ്രഖ്യാപനം. അതായത് ചികിത്സാ സൗകര്യം, ചെലവ് എന്നിവ സംബന്ധിച്ച ആശയക്കുഴപ്പം തുടരും. നിശ്ചിത തുക പെന്‍ഷനായി ലഭിക്കുന്ന പദ്ധതി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത് ധനമന്ത്രി ഇത്തവണയും ആവര്‍ത്തിച്ചു.
അതായത് പങ്കാളിത്ത പെന്‍ഷനു കീഴില്‍വരുന്ന ജീവനക്കാര്‍ ഇനിയും തുക അടക്കുന്നത് തുടരേണ്ടിവരും, അവരുടെ സാമ്പത്തിക ന്ഷടവും വര്‍ധിക്കും. ഭവന നിര്‍മാണ വായ്പക്ക് രണ്ടുശതമാനം ഇളവ് നല്‍കും. ദിവസവേതനക്കാരുടേയും കരാര്‍ ജീവനക്കാരുടേയും വേതനം അഞ്ചു ശതമാനം വര്‍ധിപ്പിച്ചത് ആശ്വാസമായി. പെന്‍ഷന്‍പ്രായം ഉയര്‍ത്തുമെന്ന മോഹം പൊലിഞ്ഞു.
ആദായനികുതി ഇളവിലൂടെ ജീവനക്കാരെ സന്തോഷിപ്പിച്ച കേന്ദ്ര ബജറ്റിന് പിറകെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രത്യേകിച്ചൊന്നും നല്‍കാത്ത സംസ്ഥാന ബജറ്റ് രണ്ടാം പിണറായി സര്‍ക്കാരിന് രാഷ്ട്രീയ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.