organ-donation

അവയവദാനത്തിനുള്ള നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ഇടപെടലാവശ്യപ്പെട്ട് പത്തൊമ്പതുകാരൻ ഹൈക്കോടതിയിൽ. അവയവ ദാതാക്കൾക്കും, സ്വീകർത്താക്കൾക്കും റജിസ്റ്റർ ചെയ്യാൻ വെബ് പോർട്ടൽ തയ്യാറാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അവയവം ആവശ്യപ്പെട്ടുള്ള പത്രപരസ്യത്തിന് വിലക്ക് ഏർപ്പെടുത്തിയതോടെ ഇടനിലക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

സ്വന്തം ജീവിതത്തിൽ ഉണ്ടായ കനത്ത നഷ്ടം മറ്റൊരാൾക്കും ഉണ്ടാകരുത് എന്ന ചിന്തയാണ് തൃശ്ശൂർ സ്വദേശിയായ പത്തൊൻപതുകാരൻ അദ്വൈതിനെ ഹൈക്കോടതിയിൽ എത്തിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് അദ്വൈതിന്റെ പിതാവും, 46കാരനുമായ വിനീഷ് കുമാർ വൃക്ക രോഗം ബാധിച്ച് മരിച്ചത്. വൃക്ക മാറ്റിവയ്ക്കാനായി ഇടനിലക്കാരുൾപ്പെടെയുള്ളവരെ സമീപിച്ച് നാലുവർഷമാണ് കാത്തിരുന്നത്. ഒടുവിൽ വൃക്ക മാറ്റി വെച്ചപ്പോഴേക്കും  വൈകിപ്പോയിരുന്നു. ഈ കാലതാമസം ഒഴിവാക്കണമെന്നാണ് പൊതുതാൽപര്യ ഹർജിയിലൂടെ അദ്വൈത് ആവശ്യപ്പെടുന്നത്. 

ദാതാക്കൾക്കും സ്വീകർത്താക്കൾക്കും റജിസ്റ്റർ ചെയ്യാൻ വെബ് പോർട്ടൽ തയ്യാറാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജില്ലാതല സമിതികൾ ഓരോ മാസവും അവയവം ആവശ്യമുള്ളവർക്കായി മാധ്യമങ്ങളിൽ പരസ്യം നൽകണം. അവയവദാനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകജാലക സംവിധാനം ഒരുക്കുകയും സമയപരിധി നിശ്ചയിക്കുകയും വേണമെന്നും ഹർജിയിൽ ആവശ്യപെടുന്നു. 

 

2014 ലാണ് അവയവത്തിനായി പത്രപരസ്യം നൽകുന്നത് ഹൈക്കോടതി വിലക്കിയത്. ഇതോടെ അവയവം ആവശ്യമുള്ളവരും, ദാനം ചെയ്യാൻ തയ്യാറുള്ളവരും അപേക്ഷ നൽകി കാലങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയായി. സാഹചര്യം മുതലെടുത്ത് ഇടനിലക്കാരും രംഗത്തെത്തി. സ്വീകർത്താക്കളിൽ നിന്നും വലിയ തുക ഈടാക്കുമ്പോൾ ദാതാക്കൾക്ക് വളരെ കുറഞ്ഞ പണം മാത്രമാണ് ലഭിക്കുന്നത്. ഈ സ്ഥിതി അവസാനിപ്പിക്കുന്നതിനാണ് കോടതിയുടെ ഇടപെടൽ അദ്വൈത് ആവശ്യപ്പെടുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസയച്ചു. കഴിഞ്ഞ ജൂലൈ വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 2748 പേരാണ് അവയവമാറ്റത്തിനായി കാത്തിരിക്കുന്നത്. ഏറെ നീളുന്ന ഈ കാത്തിരിപ്പൊഴിവാക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നാണ് അദ്വൈതിന്‍റെ പ്രതീക്ഷ.

ENGLISH SUMMARY:

19-Year-Old Approaches High Court Seeking Intervention to Avoid Delays in Organ Donation Procedures