AI GENERATED IMAGE
കേരളത്തില്‍ മോഷ്ടാവ്, ബംഗാളില്‍ നാട്ടുകാരുടെ സ്വന്തം ‘ഷെയ്ഖ് നൗഫല്‍’. പാവങ്ങളുടെ വേദനകേട്ട് കയ്യയച്ചു സഹായിക്കുന്ന ‘ഖത്തര്‍ വ്യവസായി’ പിടിയില്‍. മോഷണക്കേസില്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പാണ്ടിയാരപ്പിള്ളി വീട്ടില്‍ നൗഫലാണ് കേരളത്തിലും ബംഗാളിലും ഇരട്ടവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 34 വയസുകാരനായ നൗഫലിന് ‘പപ്പന്‍ നൗഫല്‍’എന്നൊരു പേരുകൂടിയുണ്ട്.
ഖത്തറില്‍ ബിസിനസുകാരന്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന നൗഫലിനെ ഷെയ്ഖ് നൗഫല്‍ എന്നാണ് ബംഗാളികള്‍ വിളിക്കുന്നത്. പാവങ്ങളുടെ സ്വന്തം ഷെയ്ഖ്. പെരിന്തല്‍മണ്ണ അമ്മിനിക്കാട്ട് മോഷണം നടത്തിയ ശേഷം ബംഗാളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കോഴിക്കോട്ടെ ലോഡ്ജില്‍വച്ചാണ് പിടിയിലായത്. കഴിഞ്ഞ മാസം കൊണ്ടോട്ടി തുറക്കലില്‍ വീട് കുത്തിത്തുറന്നു നടത്തിയ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നൗഫലിലേക്കെത്തിയത്.
2024 ഒക്ടോബറില്‍ മോങ്ങത്ത് മോഷണശ്രമത്തിനിടെ ഗൃഹനാഥനെ വെട്ടിയ കേസിലുള്‍പ്പെടെ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. അങ്ങാടിപ്പുറത്ത് ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള നൗഫല്‍ 2019 മുതലാണ് മോഷണക്കേസുകളില്‍ പ്രതിയാകുന്നത്. ആളില്ലാത്ത വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. മോഷ്ടിക്കുന്ന സ്വര്‍ണവുമായി നേരെ ബംഗാളിലേക്കുപോയി അവിടെ വില്‍പന നടത്തും.
മൂന്ന് വര്‍ഷം മുന്‍പ് കിഴക്കന്‍ ബര്‍ധ്മാന്‍ ജില്ലയിലെ അത്താസ്ഫൂരില്‍ ഭൂമി വാങ്ങി ഇരുനില വീടുവച്ചു. കൃഷിയും തുടങ്ങി. കൃഷിയിടത്തില്‍ ജോലിക്കെത്തിയ കുട്ടിയുള്ള വിധവയായ സ്ത്രീയെ വിവാഹം കഴിച്ചതോടെ നാട്ടുകാരുടെ പ്രീതി പിടിച്ചുപറ്റി. ഖത്തറില്‍ വ്യവസായിയാണെന്നാണ് അവിടെ സ്വയം പരിചയപ്പെടുത്തുന്നത്.
വിവിധ ആവശ്യങ്ങള്‍ ചോദിച്ച് ദിവസവും ഒട്ടേറെപ്പേരാണ് നൗഫലിന്റെ വീട്ടിലെത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ആവശ്യക്കാരെ നന്നായി കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യും. ബംഗാളില്‍ താമസമാക്കിയ ശേഷം പലതവണ കേരളത്തില്‍ പിടിയിലായിട്ടുണ്ട്. ബംഗാളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ ഖത്തറിലേക്ക് പോകുന്നെന്ന് കുടുംബത്തോടും നാട്ടുകാരോടും പറയും. മലപ്പുറം കോടതി നൗഫലിനെ റിമാന്‍ഡുചെയ്തു.