പകുതിവില തട്ടിപ്പ് കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണന്‍റെ സ്ഥാപനത്തില്‍ നിന്ന് താന്‍ 40 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റ്. നിയമോപദേശത്തിനായാണ് പണം കൈപ്പറ്റിയത്. അനന്തുവിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ലാലി വിന്‍സെന്‍റ് ആവശ്യപ്പെട്ടു. എന്‍ജിഒ കൂട്ടായ്മയുടെ നിയമോപദേഷ്ടാവായിരുന്ന ലാലി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
അതിനിടെ, അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തി നല്‍കിയത് ലാലി വിന്‍സെന്‍റാണെന്ന് കെ.എന്‍.ആനന്ദകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ലാലി നിഷേധിക്കുകയും താന്‍ പരിചയപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരിക്കുകയും ചെയ്തു.
സംസ്ഥാനവ്യാപകമായി നടന്ന പകുതിവില തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ വിവര ശേഖരണം ആരംഭിച്ച ഇഡി ഉടന്‍ അന്വേഷണം ഏറ്റെടുത്തേക്കും. സിഎസ്ആര്‍ ഫണ്ട് കിട്ടിയില്ലെന്നും പിരിച്ച പണം റോള്‍ ചെയ്തുവെന്ന് അനന്തു കൃഷ്ണന്‍ തുറന്ന് സമ്മതിക്കുന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നു. അനന്തുവിന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും 450 കോടി രൂപയുടെ ഇടപാട് ഇതുവഴി നടന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. രണ്ടുകോടി രൂപയ്ക്ക് അനന്തു ഭൂമി വാങ്ങി. ബന്ധുക്കളുടെ പേരിലും ഭൂമി വാങ്ങിക്കൂട്ടിയെന്നും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിനോട് അനന്തു ആദ്യം സഹകരിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു