TOPICS COVERED

കോഴിക്കോട് ചേവരമ്പലത്ത് ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ രഞ്ജിത്തിന്‍റെ മരണത്തോടെ അനാഥരായത് ഭാര്യയും മകളുമാണ്. അനാസ്ഥയുടെ കുഴിയിൽ വീണ് രഞ്ജിത്ത്  മരിച്ചിട്ടും ദേശീയപാത അധികൃതരോ കരാറുകാരോ കുടുംബത്തെ ബന്ധപ്പെട്ടില്ല. ആ കുഴിയിൽ ഇനിയൊരു ജീവൻ കൂടി പൊലിയാതിരിക്കാൻ നീതി തേടുകയാണ് കുടുംബം. 

പ്രിയയ്ക്കും 5 വയസുകാരി ഐതികയ്ക്കും ജീവിതത്തിലെ തണലും കരുതലുമാണ് നഷ്ടപ്പെട്ടത്. ആരോ സ്വന്തം വീട്ടിലിരുന്ന് ഓർഡർ ചെയ്ത ഭക്ഷണവുമായി രഞ്ജിത്ത് പാഞ്ഞത് വീട്ടിലെ വിശപ്പുമാറ്റാനായിരുന്നു, രാത്രി 12 മണി വരെ ചെയ്തിരുന്ന ജോലി സമയം പുലർച്ചെ 2 വരെയാക്കിയതും പ്രാരാബ്ധം ഏറിയതിനാലാണ്, ജീവിതം കരപിടിപ്പിക്കാനാണ്. പക്ഷേ കര തൊടാൻ ആഗ്രഹിച്ച ഒരുവനെ കുഴിയിലാക്കി നമ്മുടെ സംവിധാനങ്ങൾ. അവരുടെ അനാസ്ഥ അനാഥമാക്കിയത് ഒരു കുടുംബത്തെ.

രഞ്ജിത്ത്  പോയത് അയാളുടെ വീഴ്ച കൊണ്ടല്ല. കുഴി മൂടാത്തവരുടെ അനാസ്ഥ കൊണ്ടാണെന്ന് സർക്കാർ സംവിധാനങ്ങൾ തിരിച്ചറിയണം.നിയമത്തിന്‍റെ നൂലാമാലകളോ വാഗ്ദാനങ്ങളുടെ കെട്ടുറപ്പില്ലായ്മയോ അവർക്ക് വേണ്ട. പോയ ആൾക്ക് ഒന്നും പരിഹാരവുമാകില്ല പക്ഷേ അർഹതപ്പെട്ട സഹായം താങ്ങായും തണലായും വേണം.

ENGLISH SUMMARY:

Even after Ranjith's tragic death due to negligence, neither the national highway authorities nor the contractors have reached out to his family. Now, his family is seeking justice—to ensure that no more lives are lost to negligence.