ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. ഹൈക്കോടതിയില്‍ അപ്പില്‍ പോകുമെന്ന് ഷോണ്‍ ജോര്‍ജ് അറിയിച്ചു. വിദ്വേഷ പരാമർശം ആവർത്തിക്കരുതെന്ന കോടതി നിർദ്ദേശങ്ങളെ പിസി ജോർജ് തുടർച്ചയായി ലംഘിക്കുന്നെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു .പ്രായമായ ആളാണെന്നും നാക്ക് പിഴ ഉണ്ടായതാണെന്നും പ്രതിഭാഗം കോടതിയിൽ അറിയിച്ചിരുന്നു.
ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍, മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ബിഎന്‍എസ് 196, 299, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പിസി ജോര്‍ജിനെതിരെ കേസ് എടുത്തിരിക്കുന്നത്.