ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പില്‍ നല്‍കി. വധശിക്ഷ ഒഴിവാക്കണമെന്നും നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്നുമാണ് ആവശ്യം. അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജനുവരി 20നാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഷാരോണ്‍ വധക്കേസില്‍ വിധി പറഞ്ഞത്. പ്രതിയെ മരണം വരെ തൂക്കിക്കൊല്ലാനായിരുന്നു ഉത്തരവ് . ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്നും ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതി 586 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കി.
അതേസമയം, പ്രതിക്ക് 24 വയസേയുള്ളൂവെന്നും പക്വതയും പാകതയും കുറവായതിനാലാണ് ഇത്തരമൊരു ബന്ധത്തില്‍പ്പെട്ടുപോയതെന്നും മറ്റ് മാര്‍ഗങ്ങളില്ലാതെ കൃത്യം ചെയ്തതാവാമെന്നും നിയമജ്ഞരടക്കം പലരും വാദിച്ചിരുന്നു. കീഴ്ക്കോടതി വിധി ഗ്രീഷ്മയ്ക്ക് അപ്പീല്‍ പോകുമ്പോള്‍ ഗുണകരമാകുമെന്നും ഈ വിധി ഹൈക്കോടതി സ്റ്റേ ചെയ്യുമെന്നുമായിരുന്നു ജസ്റ്റിസ് കെമാല്‍പാഷയടക്കമുള്ളവര്‍ അന്ന് അഭിപ്രായപ്പെട്ടത്.