കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ പൊലീസും പ്രതികളും ഏറ്റുമുട്ടി. മോഷണക്കേസില്‍ പിടിയിലായ മൂന്ന് പ്രതികള്‍ സ്റ്റേഷന്‍ അടിച്ച് തകര്‍ത്തതിന് പുറമെ പൊലീസുകാരെയും ആക്രമിച്ചു. അതിക്രമം തുടര്‍ന്നതോടെ കാപ്പ കേസ് പ്രതി അഖില്‍ ഗണേഷ്, സഹോദരന്‍ അജിത് എന്നിവരെ പൊലീസുകാരും സ്റ്റേഷന് മുന്നിലിട്ട് മര്‍ദിച്ചു.
മോഷണം, ലഹരിക്കേസുകളില്‍ പ്രതികളായ അഖില്‍ ഗണേഷ്, സഹോദരന്‍ അജിത് ഇവരുടെ സുഹൃത്തിനെയും കരിമുഗളിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് പിടികൂടുന്നത്. മോഷ്ടാക്കള്‍ കയറിയെന്ന സംശയത്തില്‍ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൂവരെയും കെട്ടിടത്തില്‍ കണ്ടെത്തുന്നതും പിന്നീട് പൊലീസെത്തി കൊണ്ടുപോകുന്നതും. അമ്പലമേട് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് തുടങ്ങി പ്രതികളുടെ അതിക്രമം. ലോക്കപ്പിലെ പൈപ്പും ലൈറ്റും അടിച്ച് തകര്‍ത്തു പ്രതികള്‍. പൈപ്പ് പൊലീസുകാര്‍ക്കെതിരെ വലിച്ചെറിഞ്ഞു. വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കുന്നതിനിടെ കാബിന്‍റെ ചില്ലുകളുംകംപ്യൂട്ടറുകളും തകര്‍ത്തു.
ബലപ്രയോഗത്തിലൂടെ പ്രതികളെ വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചതോടെ ബന്ധുക്കള്‍ വാഹനം തടഞ്ഞു. മദ്യപിച്ചെത്തിയ പൊലീസൂകാര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് പ്രതികളുടെ ആരോപണം. കെട്ടിടത്തില്‍ മോഷ്ടിക്കാനല്ല മദ്യപിക്കാന്‍ കയറിയതെന്നും പ്രതികള്‍. പ്രതികളില്‍ ഒരാളെ പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. പ്രതികള്‍ സ്ഥിരം ശല്യക്കാരാണെന്ന് പൊലീസ്. മോഷണം, ലഹരിയിടപാടുകളടക്കം പതിമൂന്ന് കേസുകളില്‍ പ്രതിയാണ് അഖില്‍ ഗണേഷ്, സഹോദരന്‍ അജിത്തിനെതിരെയും കേസുകള്‍ നിലവിലുണ്ട്. മോഷണത്തിന് പുറമെ സ്റ്റേഷന്‍ അടിച്ച് തകര്‍ത്തതിനും അമ്പലമേട് പൊലീസ് കേസെടുത്തു.