മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് സ്വാഗത പ്രാസംഗികന്റെ ആശംസ. തിരുവനന്തപുരത്ത് നോര്‍ക്ക സംഘടിപ്പിച്ച രവി പിളളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്വാഗത പ്രാസംഗികനും സംഘാടക സമിതി ജനറൽ കൺവീനറുമായ ഡോ. ജി. രാജ്മോഹന്റെ വാക്കുകൾ. എന്നാല്‍ അത് തനിക്കല്ല കോണ്‍ഗ്രസിനാണ് ആ ആശംസമൂലം ക്ഷതമേറ്റതെന്ന് സിഎമ്മിന്റെ മറുപടി. ഇരുവരുടെയും വാക്കുകൾ വേദിയിൽ ചിരി പടർത്തി.
ചെന്നിത്തലയോട് ഈ കൊടുംചതി ചെയ്യാന്‍ പാടില്ലായിരുന്നുവെന്നുംആ പാര്‍ട്ടിയില്‍ വലിയൊരു ബോംബാണ് പ്രസ്താവനമൂലം ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ പൊട്ടിച്ചിരിയോടെയാണ് പരിപാടിക്ക് വന്നവര്‍ ഈ വാക്കുകളെ കേട്ടത്. ‘കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാനാവാത്ത വലിയ ശക്തി രമേശ് ചെന്നിത്തല. അടുത്ത മുഖ്യമന്ത്രിയായിട്ട് അദ്ദേഹം വരട്ടെയെന്ന് ഞാൻ ആശംസിക്കുകയാണ്. വി.ഡി. സതീശൻ സാർ പോയോ. ഞാൻ വെറുതെ, രാഷ്ട്രീയ ചർച്ചകൾക്ക് ഇവിടെ വേദിയല്ല. സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറുന്ന വലിയ ചാലകശക്തിയാണ് രമേശ് ചെന്നിത്തല. വളരെ എളിമയോടെ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു’എന്നായിരുന്നു രാജ്മോഹന്റെ വാക്കുകള്‍.
അതേസമയം രാജ്മോഹനു പിന്നാലെ സംസാരിക്കാനെത്തിയ പിണറായി ഇങ്ങനെ തുടങ്ങി, ‘നമ്മുടെ സ്വാഗത പ്രാസംഗികനെ കുറിച്ച് ഒരു കാര്യം പറഞ്ഞില്ലെങ്കില്‍ അത് ഒരു മോശമായിപോകുമെന്ന് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയം ഒന്നും പറയുന്നില്ലെന്ന് പറഞ്ഞു. ഒരു പാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. ഞാന്‍ ആ പാര്‍ട്ടിക്കാരനല്ലെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാലോ. അത് കൊടും ചതിയായിപ്പോയി. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് എനിക്ക് അദ്ദേഹത്തോട് സ്‌നേഹപൂര്‍വം പറയാനുള്ളത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പിണറായി വിജയന്റെ വാക്കുകള്‍ കേട്ട് വേദിയിലുള്ള രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളും നടൻ മോഹൻലാൽ അടക്കമുള്ളവരും പങ്കെടുത്തിരുന്നു.സ്വാഗത പ്രാസംഗികനായ രാജ്മോഹൻ ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ മുൻ എംഡിയും തിരുവനന്തപുരത്തെ അറിയപ്പെടുന്ന സംഘാടകനുമാണ്. ഒട്ടനവധി സാംസ്കാരിക സംഘടനകളുടെ തലപ്പത്ത് പ്രവർത്തിക്കുന്ന അദ്ദേഹം സ്വകാര്യ സ്കൂൾ ഉടമസ്ഥനുമാണ്.