ഒട്ടും ക്ഷമയില്ലാത്ത വര്‍ഷമായിരുന്നു 2024 എന്ന് തെളിയിക്കുന്നതാണ് സംസ്ഥാനത്തെ പൊതുനിരത്തില്‍ നിന്നുള്ള കണക്കുകള്‍. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം റോഡപകടങ്ങള്‍ നടന്ന വര്‍ഷമെന്ന റെക്കോര്‍ഡ് 2024 സ്വന്തമാക്കി. 48919 അകടങ്ങള്‍. മുന്‍വര്‍ഷത്തെക്കാള്‍ 828 എണ്ണത്തിന്‍റെ വര്‍ധന. കേരള ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം വിവിധ ജില്ലകളിലായി വാഹനാപകടങ്ങില്‍ മരിച്ചത് 3774 പേരാണ്.
വാഹനാപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അര ലക്ഷം പിന്നിട്ടു. 2023ല്‍ 54320 പേര്‍ക്കാണ് പരുക്കേറ്റത്. 2024 ല്‍ ഇത് 54743 ആയി. ഇതും റെക്കോഡാണ്.2022നെയും 23നെയും അപേക്ഷിച്ച് മരണസംഖ്യയില്‍ കുറവുണ്ടായി എന്നതാണ് ആശ്വാസകരമായ കാര്യം. ജില്ല തിരിച്ചും വാഹനങ്ങളുടെ ഇനം തിരിച്ചുമുള്ള അപകടക്കണക്കുകള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇതുകൂടി പുറത്തുവരുന്നതോടെ നിരത്തുകള്‍ എങ്ങനെ കുരുതിക്കളമായി എന്നതിന്‍റെ വ്യക്തമായ ചിത്രം മനസിലാകും.
*2022-ആകെ വാഹനാപകടങ്ങള്‍-43910; മരണം-4317; പരുക്കേറ്റവര്‍-49307
*2023–ആകെ വാഹനാപകടങ്ങള്‍-48031; മരണം-4080; പരുക്കേറ്റവര്‍-54320
*2024–ആകെ വാഹനാപകടങ്ങള്‍-48919; മരണം-3774; പരുക്കേറ്റവര്‍-54743
ഐഎ ക്യാമറകളും നിരത്തിലെ പരിശോധനയും , പിഴയുമൊന്നും അപകട നിരക്ക് കുറയ്ക്കുന്നല്ല എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് . അപകടനിരക്കില്‍ റെക്കോര്‍ഡിട്ടാണ് ഓരോ വര്‍ഷവും കടന്നുപോകുന്നത്.
2023 ആയിരുന്നു ഇതിനുമുന്‍പ് ഏറ്റവുമധികം അപകടങ്ങളുണ്ടായ വര്‍ഷം. 48091 വാഹനാപകടങ്ങളാണ് 2023ല്‍ രേഖപ്പെടുത്തിയത്. മരണസംഖ്യ കുറഞ്ഞത് ആശ്വാസമായി കാണാമെങ്കിലും വര്‍ഷം തോറും വര്‍ധിക്കുന്ന വാഹനാപകട നിരക്ക് ഒട്ടും ആശ്വാസകരമല്ല.