മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ മണ്ഡലമായ കൊല്ലം പത്തനാപുരത്ത് എൽഡിഎഫിന് വൻതിരിച്ചടി. പത്തനാപുരം പഞ്ചായത്തിലും ബ്ലോക്കിലും യുഡിഎഫ് വൻ വിജയം നേടി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ 14 വാർഡുകളിലും 10 വാർഡുകളും പിടിച്ചെടുത്ത് യുഡിഎഫ് ഭരണം സ്വന്തമാക്കി.
എൽഡിഎഫ് നാലു സീറ്റുകളിലൊതുങ്ങി. പത്തനാപുരം ഗ്രാമപഞ്ചായത്തിലും എൽഡിഎഫിന് അടിപതറുന്ന കാഴ്ചയാണ് തദ്ദേശഫലത്തിൽ കണ്ടത്. 20 വാർഡുകളിൽ 10 വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. 7 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. എസ്ഡിപിഐ, വെൽഫെയർ പാർട്ടി, സ്വതന്ത്രൻ എന്നിവരാണ് മറ്റ് മൂന്ന് സീറ്റുകളിൽ വിജയം നേടിയത്.
ജ്യോതികുമാർ ചാമക്കാലയുടെ നേതൃത്വത്തിലായിരുന്നു യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഗണേഷ് കുമാർ യുഗം പത്തനാപുരത്ത് അവസാനിച്ചെന്നും ഇനി ചാമക്കാല എംഎൽഎയായി വരുമെന്നുമാണ് കമൻ്റുകൾ. തുടരുന്ന ജനസമ്പർക്കം എന്ന പേരിൽ ജ്യോതികുമാർ ഏതാനും നാളുകളായി മണ്ഡലത്തിലെ ജനങ്ങളെ കണ്ട് നേരിട്ട് സംവാദം നടത്തിയും ആവശ്യങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.