Image Credit; Facebook
ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളിൽ നിന്ന് അകലം പാലിക്കാൻ വാശിപിടിക്കുന്ന ഒരു പൊളിറ്റിക്കൽ ഇക്കോസിസ്റ്റമാണ് കേരളത്തിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഹാകുംഭമേള നടക്കുന്ന വിവരം പോലും കേരളം അറിഞ്ഞിട്ടില്ലെന്നത് ആരിലും അതിശയം ഉളവാക്കുന്നില്ലെന്നും പരിഹാസ രൂപേണ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ആകെ ഇവിടെ ചർച്ചചെയ്യപ്പെട്ടത് അവിടെ നടന്ന ഒരു സ്റ്റാംപേഡ് മാത്രമാണ്. പ്രതിദിനം ശരാശരി ഒരു കോടിയോളം ആളുകളെത്തുന്ന ഒരു സ്ഥലത്ത് ഇങ്ങനെ ഒരു ദുർഘടന ഉണ്ടായത് ഒരു വലിയ വീഴ്ചയായി മനസ്സാക്ഷിയുള്ള ആർക്കും കണക്കാക്കാനാവില്ല. നമ്മുടെ ശബരിമലയിലും പുറ്റിങ്ങലിലുമെല്ലാം അത്തരം ദുരന്തങ്ങളുണ്ടായിട്ടുമുണ്ട്. ഏറെ അത്ഭുതവും നിരാശയുമുണ്ടാക്കുന്നത് നമ്മുടെ പല മലയാള മാധ്യമങ്ങളിലും കുംഭമേള തുടങ്ങി ഒരു മാസമെത്തുമ്പോഴും ഒരു പത്തുമിനിട്ടുപോലും അവരുടെ സ്ക്രീൻ ടൈം ഇതിനായി മാറ്റിവെച്ചില്ല എന്ന കാര്യമാണ്. - കെ സുരേന്ദ്രൻ വിമർശിച്ചു.
പോസ്റ്റിന്‍റെ പൂർണരൂപം
ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക ആദ്ധ്യാത്മിക പൈതൃകങ്ങളിലൊന്നാണ് മഹാകുംഭമേള. ഒരു രാജ്യത്തിലെ ജനസംഖ്യയുടെ ചുരുങ്ങിയത് മൂന്നിലൊന്നാളുകളെങ്കിലും പവിത്രമായ ത്രിവേണീ സ്നാനത്തിനെത്തുന്നു എന്നുള്ളതാണ് അത്ഭുതകരം. അനേകം വിദേശരാജ്യങ്ങളിൽ നിന്നും കുംഭമേളയ്ക്കായി ജനങ്ങളെത്തുന്നുണ്ട്. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും കുംഭമേളയ്ക്കു പോകുന്നവർക്കായി പലതരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളം ഇങ്ങനെയൊരു മഹാകുംഭമേള നടക്കുന്ന വിവരം പോലും അറിഞ്ഞിട്ടില്ലെന്നത് ആരിലും അതിശയം ഉളവാക്കുന്നില്ല. അത്രമാത്രം ഈ നാടിന്റെ സാംസ്കാരിക പൈതൃകങ്ങളിൽ നിന്ന് അകലം പാലിക്കാൻ വാശിപിടിക്കുന്ന ഒരു പൊളിറ്റിക്കൽ ഇക്കോസിസ്ററമാണല്ലോ ഇവിടെയുള്ളത്. ആകെ ഇവിടെ ചർച്ചചെയ്യപ്പെട്ടത് അവിടെ നടന്ന ഒരു സ്റ്റാംപേഡ് മാത്രമാണ്. പ്രതിദിനം ശരാശരി ഒരു കോടിയോളം ആളുകളെത്തുന്ന ഒരു സ്ഥലത്ത് ഇങ്ങനെ ഒരു ദുർഘടന ഉണ്ടായത് ഒരു വലിയ വീഴ്ചയായി മനസ്സാക്ഷിയുള്ള ആർക്കും കണക്കാക്കാനാവില്ല. നമ്മുടെ ശബരിമലയിലും പുറ്റിങ്ങലിലുമെല്ലാം അത്തരം ദുരന്തങ്ങളുണ്ടായിട്ടുമുണ്ട്. ഏറെ അത്ഭുതവും നിരാശയുമുണ്ടാക്കുന്നത് നമ്മുടെ പല മലയാള മാധ്യമങ്ങളിലും കുംഭമേള തുടങ്ങി ഒരു മാസമെത്തുമ്പോഴും ഒരു പത്തുമിനിട്ടുപോലും അവരുടെ സ്ക്രീൻ ടൈം ഇതിനായി മാറ്റിവെച്ചില്ല എന്ന കാര്യമാണ്. സമയം നൽകിയ മാധ്യമങ്ങൾ ചിലരെങ്കിലും ഉണ്ടെന്ന വസ്തുത നിരാകരിക്കുന്നുമില്ല. എത്ര മനോഹരമായി ചിട്ടയോടുകൂടി യോഗി ആദിത്യനാഥും ടീമും കുംഭമേളയ്ക്ക് ആഥിത്യമരുളുന്നു എന്നത് ചരിത്രത്തിന്റെ ഭാഗം. കൂപമണ്ഡൂകങ്ങളോട് വേദാന്തം പറഞ്ഞിട്ടെന്തുകാര്യമെന്ന് കരുതി മൗനം പാലിക്കുകയാണ് ഭൂഷണം.