പകുതിവിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടറും ലാപ്ടോപും വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്‍റിനെയും പ്രതിചേര്‍ത്തു. കണ്ണൂര്‍ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് സന്നദ്ധസംഘടനകളുടെ നിയമോപദേഷ്ടാവായ ലാലി വിന്‍സന്‍റിനെ ഏഴാംപ്രതിയാക്കിയത്.
പകുതി തുക അടച്ചാൽ ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും നൽകാമെന്നു വാഗ്ദാനം ചെയ്തു കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയ തൊടുപുഴ കുടയത്തൂർ കോളപ്ര ചൂരംകുളങ്ങര അനന്തു കൃഷ്ണനെ (26) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാജ എൻജിഒകൾ രൂപീകരിച്ചായിരുന്നു തട്ടിപ്പ്. ഉൽപ്പന്നത്തിന്റെ പകുതി തുക അടച്ചാൽ ബാക്കി തുക ബഹുരാഷ്ട്ര കമ്പനികളുടെ സിഎസ്ആർ ഫണ്ട് വഴി ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. അനന്തു കൃഷ്ണന് എതിരെ പൊലീസ് നേരത്തെ 3 തട്ടിപ്പു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ആയിരം കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണു പ്രാഥമിക നിഗമനം. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റ് സൊസൈറ്റി എന്ന പേരിൽ എൻജിഒ രൂപീകരിച്ച് ഇരുചക്ര വാഹനങ്ങൾ പകുതി വിലയ്ക്കു നൽകാമെന്നു വാഗ്ദാനം ചെയ്ത് 9 കോടിയോളം രൂപ സമാഹരിച്ച സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.