പകുതിവില തട്ടിപ്പ് കേസിലെ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ആലുവ റൂറല്‍ എസ്.പി വൈഭവ് സക്സേന. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ തെളിവുണ്ടെങ്കില്‍ നടപടിയെടുക്കും. കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും റൂറല്‍ എസ്.പി. മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ കോൺഗ്രസ് നേതാവ് ലാലി വിൻസന്റിനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. അനന്തുകൃഷ്ണനും ലാലി വിൻസെന്റും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസ്. പകുതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് 2.96 കോടി രൂപയാണ് സംഘം തട്ടിയത്. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി എ.മോഹനന്റെ പരാതിയിലാണ് കേസ്. പകുതി വിലയ്ക്ക് സബ്സിഡി നിരക്കിൽ വനിതകൾക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
സൊസൈറ്റിയിലെ 494 അംഗങ്ങളിൽ നിന്നായി രണ്ട് കോടി 46 ലക്ഷത്തി 40,000 രൂപയാണ് സംഘം തട്ടിയെടുത്തത്. അനന്തുകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിന്റെ നിയമോപദേശകയാണ് മുൻ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസെന്റ്. കെ. എൻ അനന്തകുമാർ, ബീന സെബാസ്റ്റൻ, ഷീബ സുരേഷ്, കെ. പി സുമ, ഇന്ദിര എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
തട്ടിപ്പ് നടത്തിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയാണെന്നും പരാതിയുടെ അടിസ്ഥാനത്തിലാണ് ലാലി വിൻസെന്റിനെ പ്രതി ചേർത്തതെന്നും കണ്ണൂർ കമ്മിഷ്ണർ പറഞ്ഞു. കണ്ണൂർ ജില്ലയിൽ നിലവിൽ 2000ലേറെ പരാതികൾ അനന്തു കൃഷ്ണനും സംഘത്തിനുമെതിരെ ലഭിച്ചു. കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ നിന്ന് മാത്രം 700ലേറെ പരാതികളും ലഭിച്ചു.