ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ മാലിന്യ സംസ്കരണ സ്ഥാപനമായ ഇമേജിന്‍റെ ജിഎസ്ടി റജിസ്ട്രേഷന്‍ റദ്ദാക്കി. അനധികൃത റജിസ്ട്രേഷനെന്ന ജിഎസ്ടി ഇന്‍റലിജന്‍സിന്‍റെ കണ്ടെത്തലിന് പിന്നാലെയാണ് സംസ്ഥാന ജി.എസ്.ടി വകുപ്പ് നടപടി എടുത്തത്. ബില്ലുകള്‍ മാറാന്‍ സാധിക്കാത്തതോടെ മാലിന്യ സംസ്കരണം കടുത്ത പ്രതിസന്ധിയിലാകും.
ഐ എം എയുടെ സ്ഥാപനമാണെങ്കിലും മറ്റൊരു പാന്‍ നമ്പറില്‍ റജിസ്ട്രേഷന്‍ നേടിയ ഇമേജ് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി എസ് ടി ഇന്‍റലിജന്‍സിന്‍റെ കണ്ടെത്തല്‍ .
ജി എസ് ടി ഇന്‍റലിജന്‍സിന്‍റെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന ജി എസ് ടി വകുപ്പ് ഇമേജിന്‍റെ റജിസ്ട്രേഷന്‍ റദ്ദാക്കിയത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നാളുകളായി അന്വേഷണം നേരിടുന്ന ഐ എം എയ്ക്കെതിരായ നടപടികളാണ് ഇമേജിനേയും പ്രതിസന്ധിയിലാക്കിയത്. പാന്‍ നമ്പറിന് ആധാരമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇമേജിനു കഴിഞ്ഞില്ല.
ചാരിറ്റബിള്‍ സൊസൈറ്റിയായി റജിസ്ററര്‍ ചെയ്ത ഐഎംഎ നികുതി ബാധ്യത ഒഴിവാക്കാന്‍ ഇമേജിന്‍റെ പേരില്‍ ഇടപാടുകള്‍ നടത്തിയെന്നും ഇത് കളളപ്പണം വെളുപ്പിക്കലെന്നുമാണ് ഡിജിജിഐ വാദം. സംസ്ഥാനത്തെ ഇരുപതിനായിരത്തിലേറെ ആശുപത്രികളിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നത് ഇമേജാണ്. ആശുപത്രികളില്‍ നിന്ന് പണം ഈടാക്കാനോ ബില്ലുകള്‍ മാറാനോ സാധിക്കാതെ വരുന്നതോടെ ആശുപത്രി മാലിന്യ സംസ്കരണം കടുത്ത പ്രതിസന്ധിയിലാകും.