Image credit: Meta AI
ആഡംബരക്കാറിലെത്തി മാലിന്യം തെരുവിലെറിഞ്ഞ യുവതിയെ നിര്‍ത്തിപ്പൊരിച്ച് യുവാവ്. ഗുരുഗ്രാമിലാണ് സംഭവം. ആഡംബര മെഴ്സീഡിസ് കാറില്‍ നിന്നും ഉപയോഗിച്ച പേപ്പര്‍ പ്ലെയ്റ്റും ടിഷ്യു പേപ്പറും ഭക്ഷണാവശിഷ്ടങ്ങളും റോഡില്‍ തള്ളിയാണ് യുവാവ് കയ്യോടെ പിടിച്ചതും ഇവരെ ചോദ്യം ചെയ്തതും. റെഡ്ഡിറ്റിലാണ് വിശദമായ കുറിപ്പിലൂടെ പണമുണ്ടെന്ന് കരുതി ആളുകള്‍ക്ക് പൗരബോധമോ സംസ്കാരമോ ഉണ്ടാവണമെന്നില്ലെന്ന് കുറിച്ചത്.
ഗോള്‍ഫ് കോഴ്സ് റോഡിലെ ഷോറൂമിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു യുവാവ്. ഈ സമയത്താണ് 40 വയസോളം പ്രായം തോന്നിപ്പിക്കുന്ന യുവതി മെഴ്സീഡിസ് ഇ ക്ലാസ് കാറില്‍ വന്നത്. റോഡില്‍ വേസ്റ്റെറിഞ്ഞ് മുന്നോട്ട് പോകാന്‍ ശ്രമിക്കവേ യുവാവ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ മാലിന്യം റോഡില്‍ തള്ളരുതെന്ന് അഭ്യര്‍ഥിച്ചു. ഇതോടെ വിചിത്രമായാണ് ഇവര്‍ പ്രതികരിച്ചതെന്ന് യുവാവ് പറയുന്നു. 'വേസ്റ്റ് കളഞ്ഞതിനെന്താ കുഴപ്പം?ഇവിടെയെങ്ങും ഞാന്‍ വേസ്റ്റ് ബിന്‍ കണ്ടില്ല. കാറില്‍ വച്ചാല്‍ ചീത്ത മണം വരും. പിന്നെ വൃത്തിയാക്കാന്‍ നല്ല ചെലവുമാണ്' എന്നായിരുന്നു യുവതിയുടെ മറുപടി. ഇതിന് പിന്നാലെ കാറെടുത്ത് പോകാന്‍ ഇവര്‍ ഡ്രൈവര്‍ക്ക് നിര്‍ദേശവും നല്‍കി.
തീര്‍ത്തും നിരുത്തരവാദപരമായ പെരുമാറ്റവും അത് കയ്യോടെ പിടിച്ചപ്പോഴുള്ള തണുപ്പന്‍ പ്രതികരണവുമാണ് റെഡ്ഡിറ്റില്‍ സംഭവം പങ്കുവയ്ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് യുവാവ് പറയുന്നു. സമ്പന്നരായത് കൊണ്ട് ആഢ്യത്വം ഉണ്ടാകുകയില്ല. പരിസരത്തെ കൂടി ബഹുമാനിക്കുന്നതാണ് ശരിക്കുമുള്ള വലിപ്പമെന്നും അദ്ദേഹം കുറിച്ചു. യുവാവിന്‍റെ കുറിപ്പ് വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്. ആളുകള്‍ പൗരബോധത്തോട് കൂടി പെരുമാറേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പലരും എഴുതി. പ്രത്യേകിച്ചും വിദ്യാസമ്പന്നരായവര്‍. വിദ്യാഭ്യാസവും പൗരബോധവും രണ്ടും വ്യത്യസ്തമായകാര്യങ്ങളാണെന്നും വിദ്യാഭ്യാസത്തിനായി ഉന്നത സര്‍വകലാശാലകളിലേക്ക് ഒരു പരിധി വരെ പണം കൊടുത്ത് പ്രവേശം സാധ്യമായേക്കാമെന്നും എന്നാല്‍ പൗരബോധം കടയില്‍ കിട്ടുന്നതല്ലെന്നുമാണ് ഒരാള്‍ കുറിച്ചത്. പ്രായമുണ്ടെന്ന് കരുതി പക്വതയുണ്ടാവണമെന്നില്ലെന്ന് പറയുന്നത് പോലെയാണ് പണമുണ്ടെന്ന് കരുതി നല്ല പെരുമാറ്റമോ, സ്വഭാവമോ ഉണ്ടാവണമെന്നില്ലെന്ന് മറ്റൊരാളും കുറിച്ചു.