ഓടുന്ന ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് മാലിന്യം നിറഞ്ഞ സഞ്ചി വലിച്ചെറിഞ്ഞ റെയില്‍വേ കോച്ച് അറ്റന്‍ഡന്‍റിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അടിയന്തിര നടപടിയെടുത്ത് ഇന്ത്യന്‍ റെയില്‍വേ. കാൺപൂരിൽ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട സീൽദാ-അജ്മീർ എക്‌സ്പ്രസിലെ ജീവനക്കാരനാണ് തികച്ചും അശാസ്ത്രീയമായ രീതിയില്‍ ട്രെയിനിലെ മാലിന്യം വലിച്ചെറിഞ്ഞത്. അഭിഷേക് സിങ് എന്നയാളാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. മാലിന്യം ഇങ്ങനെ വലിച്ചെറിഞ്ഞതിനെപ്പറ്റി ചോദിച്ച തന്നോട് ‘ഞാന്‍ അത് വീട്ടിലേക്ക് കൊണ്ടുപോകണോ’ എന്നായിരുന്നു ജീവനക്കാരന്‍റെ പ്രതികരണമെന്നും വിഡിയോയില്‍ പറയുന്നു.
റെയിൽവേ സംവിധാനത്തിനുള്ളിലെ ശുചിത്വത്തെയും മാലിന്യ നിർമാർജന രീതികളെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് റെയില്‍വേ ഉടന്‍ നടപടി സ്വീകരിച്ചത്. സഞ്ജയ് സിങ് എന്ന് തിരിച്ചറിഞ്ഞ അറ്റൻഡറെ സർവീസിൽ നിന്ന് നീക്കം ചെയ്യുകയും ഓൺബോർഡ് ഹൗസ് കീപ്പിംഗിന്‍റെ ഉത്തരവാദിത്തമുള്ള കരാറുകാരന് പിഴ ചുമത്തുകയും ചെയ്തെന്നും ഇത്തരം കേസുകൾ ആവർത്തിക്കാതിരിക്കാൻ നാമനിർദ്ദേശം ചെയ്ത സ്റ്റേഷനുകളിൽ മാത്രം മാലിന്യം സംസ്കരിക്കാൻ OBHS ജീവനക്കാരെ ബോധവൽക്കരിക്കാൻ അടിയന്തര പ്രാബല്യത്തോടെ കൗൺസിലിംഗ് ഡ്രൈവ് ആരംഭിച്ചതായും വിഡിയോയുടെ കമന്‍റ് സെക്ഷനില്‍ നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ തന്നെയാണ് അറിയിച്ചത്. ജീവനക്കാർക്കും യാത്രക്കാർക്കും ഇടയിൽ വലിയ ഉത്തരവാദിത്തവും പൗരബോധവും ആവശ്യപ്പെടുന്നതാണ് ഈ ദൃശ്യമെന്ന് വിഡിയോ കണ്ട പലരും പ്രതികരിച്ചു.