ഫയല്‍ ചിത്രം
എ.ഐ സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ചൂഷണത്തിന് വഴിവയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇതുവഴി ഉല്പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടും. ഇത് വലിയ സമരങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വഴിവയ്ക്കുമെന്നും ഗോവിന്ദന്‍. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എ.ഐ ഇല്ലാതാക്കുമെന്നൈായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ മുന്‍നിലപാട്. പാര്‍ട്ടി കോണ്‍ഗ്രസ് കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെയാണ് നിലപാടുമാറ്റം. ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് ഗോവിന്ദന്‍റെ മലക്കംമറിച്ചില്‍.
ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സോഷ്യലിസത്തിലേക്കുള്ള യാത്രയെന്നായിരുന്നു കഴിഞ്ഞ ദിവസം എം.വി.ഗോവിന്ദന്‍റെ ‘താത്വികാവലോകനം’. എ.ഐ ഉയര്‍ത്തുന്ന ഭീഷണികളെപ്പറ്റി സംശയമുള്ള പാര്‍ട്ടി സഖാക്കള്‍ക്ക് വലിയ ആശ്വാസമാകുന്നതായിരുന്നു കണ്ണൂരിലെ ഗോവിന്ദന്‍റെ വാക്കുകള്‍. മാര്‍ക്സ് സ്വപ്നം കണ്ട സോഷ്യലിസം നടപ്പാക്കാന്‍ ആധുനിക കാലത്ത് എ.ഐ സഹായിക്കുമെന്ന പഠന ക്ലാസ് പാര്‍ട്ടി അണികള്‍ക്ക് പുത്തന്‍ അനുഭവമായി. മനുഷ്യന്‍റെ അധ്വാന ശേഷി കുറഞ്ഞ് മുതലാളിത്തത്തിന്‍റെ ഉല്പനങ്ങള്‍ വാങ്ങാന്‍ ആളില്ലാതാവുമെന്നും ഇതോടെ സോഷ്യലിസം വളരുമെന്നുമായിരുന്നു ഗോവിന്ദന്‍ മാഷിന്‍റെ വാക്കുകള്‍.
അതേസമയം, എ.ഐ സംബന്ധിച്ച നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. എ.ഐ സംവിധാനം മുഴുവന്‍ കുത്തക മുതലാളിമാരുടെ കയ്യിലാണ്. അറുപത് ശതമാനം തൊഴിലില്ലായ്മ സംഭവിക്കും എന്നാണ് പറയുന്നത്. ഇത് വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും എം.വി.ഗോവിന്ദന്‍. നേരത്തെ പറഞ്ഞതും ഇത് തന്നെ, അത് നിങ്ങള്‍ക്ക് മനസ്സിലാകാഞ്ഞിട്ടാണെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.