kiifb-logo

കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കാനുള്ള നീക്കം സ്ഥിരീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനറും ധനമന്ത്രിയും. വിഷയം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ടോള്‍ പിരിവുള്‍പ്പെടെ വരുമാനം കണ്ടെത്താനുള്ള വിവിധ നിര്‍ദേശങ്ങള്‍ കിഫ്ബി സമര്‍പ്പിച്ചതായും എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാലും പ്രതികരിച്ചു. കിഫ്ബി കേരളത്തിന്‍റെ ശാപമായി മാറുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

 

അമ്പത് കോടിക്ക് മുകളില്‍ നിര്‍മാണച്ചിലവുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കാനുള്ള കിഫ്ബിയുടെ ശുപാര്‍ശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധന, നിയമ മന്ത്രിമാരുടെ യോഗം തത്വത്തില്‍ അംഗീകരിച്ചതായുള്ള വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് എല്‍.ഡി.എഫ്. കണ്‍വീനറുടെയും ധനമന്ത്രി കെ.എന്‍ ബാഗോപാലിന്‍റെയും പ്രസ്താവനകള്‍. ടോള്‍ ഉള്‍പ്പെടെ വരുമാനം കണ്ടെത്താനുള്ള വിവിധ മാതൃകകള്‍ കിഫ്ബി സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടല്ലെന്നുമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുന്നത്.

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോള്‍ വികസനത്തിന് വേണ്ടി എന്തൊക്കെ ചെയ്യേണ്ടിവരുമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. അതേസമയം, കിഫ്ബി വെള്ളാനയായി മാറുമെന്ന് നേരത്തെ പറഞ്ഞത് സത്യമാവുകയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.‌ ദേശീയ പാതകളില്‍ നിന്ന് വിഭിന്നമായി പ്രത്യേക ക്യാമറകള്‍ സ്ഥാപിച്ച് ഫാസ്ടാഗ് പോലുള്ള സംവിധാനങ്ങളിലൂടെ ടോള്‍ പിരിക്കാനാണ് കിഫ്ബിയുടെ ആലോചന. ഇതിനായി  പഠനങ്ങള്‍ ആരംഭച്ചിതായും വിവരമുണ്ട്. 

ENGLISH SUMMARY:

LDF convenor T.P. Ramakrishnan and Finance Minister K.N. Balagopal confirm discussions on levying toll on KIIFB roads. The proposal is under review, while opposition leader Ramesh Chennithala criticizes KIIFB as a burden on Kerala.