thrissur-sakthan-thampuran

TOPICS COVERED

തൃശൂരില്‍ ശക്തന്‍തമ്പുരാന്‍റെ പ്രതിമ അനാച്ഛാദനത്തില്‍ വിവാദം മുറുകുന്നു. തൃശൂര്‍ എം.എല്‍.എയെപ്പോലും അറിയിക്കാതെ പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള കോര്‍പറേഷന്‍ മേയറുടെ നീക്കം സി.പി.ഐ ഇടപെട്ട് പൊളിച്ചു.

കെ.എസ്.ആര്‍.ടി.സി ബസിടിച്ചാണ് ശക്തന്‍തമ്പുരാന്‍ പ്രതിമ തകര്‍ന്നത്. അറ്റകുറ്റപണിക്കുശേഷം പ്രതിമ പുനഃസ്ഥാപിച്ചു. റവന്യൂമന്ത്രി  കെ.രാജനും തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രനും മുന്‍കയ്യെടുത്തായിരുന്നു പ്രതിമ നേരെയാക്കാന്‍ പണം കണ്ടെത്തിയത്. കെ.എസ്.ആര്‍.ടി.സി. നല്‍കേണ്ട തുക മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ വേഗത്തില്‍ അനുവദിക്കുകയും ചെയ്തു.

കോര്‍പറേഷന്‍റെ സ്ഥലത്താണ് പ്രതിമ നില്‍ക്കുന്നത്. മറ്റു ജനപ്രതിനിധികള്‍ അറിയാതെ മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം തീരുമാനിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ.വല്‍സരാജ് സി.പി.എം. ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനോട് മേയറുടെ നീക്കത്തില്‍ പാര്‍ട്ടിയുടെ അതൃപ്തി അറിയിച്ചു. വിഷയം ഗൗരവമായെടുത്ത സി.പി.എം, ഉദ്ഘാടനച്ചടങ്ങ് മാറ്റിയ്പിച്ചു. മറ്റു ജനപ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കിയശേഷമേ ഇനി പ്രതിമ അനാച്ഛാദനം നടക്കൂ.

ഏഴുദിവസത്തിനുള്ളില്‍ അനാച്ഛാദനം നടത്തിയില്ലെങ്കില്‍ ബലംപ്രയോഗിച്ച് പ്രതിമ അനാച്ഛാനം നടത്തുമെന്ന് കോര്‍പറേഷനിലെ പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി. ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ പ്രതിമ മൂടിയിരുന്ന ചുവന്ന തുണി ബലംപ്രയോഗിച്ച് മാറ്റി. വിവാദത്തില്‍ പ്രതികരിക്കാന്‍ മേയര്‍ ഇതുവരെ തയാറായിട്ടില്ല.

ENGLISH SUMMARY:

The controversy over the unveiling of the Shakthan Thampuran statue in Thrissur intensifies. The CPI intervened and thwarted the corporation mayor's move to conduct the unveiling without even informing the Thrissur MLA.