ഇരുന്നൂറോളം സീനിയര്‍ നഴ്സുമാര്‍, 250ലേറെ നഴ്സിങ് ഓഫിസര്‍മാര്‍ എന്നിവരുടെ സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ. സിപിഎം നിയന്ത്രണത്തിലുളള എന്‍ജിഒ യൂണിയനും കേരള ഗവണ്‍മെന്‍റ് നഴ്സസ് അസോസിയേഷനും തമ്മിലാണ് തര്‍ക്കം. സ്ഥലംമാറ്റത്തിന് പരിഗണിക്കാന്‍ ഇരു സംഘടനകളും വ്യത്യസ്ത പട്ടിക നൽകിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.
സംഘടനാ നേതാക്കള്‍ നൽകിയ പേരുകള്‍ വ്യത്യസ്തമായതോടെ സ്ഥലംമാറ്റ ഉത്തരവ് വൈകുകയാണ്. നഴ്സിങ് ഗ്രേഡ് രണ്ടില്‍ നിന്ന് ഗ്രേഡ് ഒന്നിലേയ്ക്കും ഗ്രേഡ് ഒന്നില്‍ നിന്ന് സീനിയര്‍ നഴ്സിങ് ഓഫീസര്‍ തസ്തികയിലേയ്ക്കുമാണ് സ്ഥാനക്കയറ്റം. സ്വന്തം ജില്ലകളില്‍ തസ്തിക കുറവായതിനാല്‍ സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ക്ക് മറ്റ് ജില്ലകളിലേയ്ക്ക് പോകണം. സ്വന്തം ജില്ലയില്‍ ഒഴിവ് വരുന്നതിനനുസരിച്ച് തിരികെ സ്ഥലംമാറ്റം ലഭിക്കും.
സര്‍വീസ് സീനിയോറിറ്റി അനുസരിച്ചാണ് സ്ഥലംമാറ്റം ലഭിക്കുക. ഇത്തവണ ഈ വ്യവസ്ഥ മാറ്റി. സ്ഥലംമാറ്റം ലഭിച്ച ജില്ലയില്‍ ആദ്യം ജോയിന്‍ ചെയ്തവര്‍ക്ക് ആദ്യം സ്വന്തം ജില്ല എന്നാക്കി വ്യവസ്ഥ. ഇതനുസരിച്ച് സംഘടനകള്‍ അവര്‍ക്ക് താല്പര്യമുളളവരുടെ പട്ടിക തയാറാക്കിയതോടെയാണ് സ്ഥലംമാറ്റം തുലാസിലായത്.
സ്ഥലംമാറ്റം സമയ ബന്ധിതമായി നടപ്പാക്കാത്തതില്‍ കോടതിയലക്ഷ്യത്തിന് ആരോഗ്യവകുപ്പ് ഡയറക്ടറോട് നേരിട്ട് ഹാജരാകാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരിക്കുകയാണ്.