ഫെബ്രുവരിപോലും ആകും മുന്‍പെ സംസ്ഥാനത്ത് ചൂട് ഉയരുന്നു. കണ്ണൂരിലും കോട്ടയത്തുമാണ് ചൂട് ഏറ്റവും കൂടുതല്‍. പുറത്ത് ജോലി ചെയ്യുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാര അതോറിറ്റി അറിയിച്ചു
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സാധാരണ അനുഭവപ്പെടുന്ന ചൂടാണ് ജനുവരി അവസാനമായപ്പോഴേയ്ക്കും സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും അനുഭവപ്പെട്ട് തുടങ്ങിയത്. കണ്ണൂരില്‍ 36.6 ഡിഗ്രിയും കോട്ടയത്ത് 36.5 ഡിഗ്രിസെല്‍സ്യസും വരെ പകല്‍ താപനില ഉയര്‍ന്നു.
കഴിഞ്ഞതവണ ഫെബ്രുവരിയിൽ ആയിരുന്നെങ്കിൽ ഇത്തവണ ജനുവരിയിലേ കോട്ടയംകാർ വെള്ളം കുടിച്ചു തുടങ്ങി. ജില്ലയുടെ മലയോര മേഖലകളിലാണ് ചൂട് കൂടുതൽ. സംഭാര കടകളിലും ജ്യൂസ് കടകളിലും തിരക്കേറി. ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് മാർക്കറ്റിലെ തൊഴിലാളികളാണ്
കത്തുന്ന ചൂടിലും ജോലിത്തിരക്കിലാണ് കണ്ണൂരിലെ ജനങ്ങൾ. ഇതൊന്നും ഒരു ചൂട് അല്ലല്ലോ ജീവിക്കണ്ടേ എന്നാണ് കെട്ടിടനിർമാണ മേഖലയിൽ പണി എടുക്കുന്നവർ പറയുന്നത്. സഹിക്കാൻ പറ്റാത്ത ചൂടിലും മണിക്കൂറുകൾ കാത്തുകിടന്ന് ഓട്ടവും പ്രതീക്ഷിച്ച് ജോലി ചെയ്യുകയാണ് ഓട്ടോ തൊഴിലാളികള്‍. ട്രാഫിക് പൊലിസുകാർക്ക് കുടയാണ് രക്ഷ.