പുതുവർഷ ദിനത്തിലും ശബരിമല സന്നിധാനത്ത് വൻഭക്തജന തിരക്ക്. ദർശനം നടത്താനുള്ളവരുടെ നിര ശബരിപീഠം വരെ നീണ്ടു. രാത്രിയിൽ മല കയറുന്ന ഭക്തർ മണിക്കൂറുകൾ വരി നിന്നാണ് സന്നിധാനത്ത് എത്തുന്നത്.
ഭക്ഷണം പോലും കഴിക്കാതെ പത്ത് മണിക്കൂറിലധികം വരി നിന്നാണ് കുട്ടികളടക്കമുള്ള തീർഥാടകർ പതിനെട്ടാം പടി ചവിട്ടുന്നത്.പുതുവർഷ പുലരി തൊഴാനായി ഇന്നലെ സന്നിധാനത്തെത്തിയത് 1,00,483 പേരാണ്. അതേസമയം കാനനപാത വഴിയുള്ള സ്പെഷ്യൽ പാസ് നിർത്തലാക്കി. പ്രതിക്ഷിച്ചതിലും നാലിരട്ടി ഭക്തർ സ്പെഷ്യൽ പാസ് വഴി എത്തിയതോടെയാണ് ദേവസ്വം ബോർഡിൻ്റെ നടപടി. വനം വകുപ്പിൻ്റെ പാസുള്ളവർക്ക് വരി നിൽക്കാതെ ദർശനം സാധ്യമായിരുന്നു. അതിനിടെ വരി നിൽക്കുന്നതിനിടെ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കാഞ്ചിപുരം സ്വദേശിയായ ദുരൈ രാജ് ആണ് മരിച്ചത്. എരുമേലി കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ആന്ധ്രാ പ്രദേശ് സ്വദേശി രാജു മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റു.