കണ്ണൂര്‍ വളക്കൈ വിയറ്റ്നാം റോഡില്‍ സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍ നിസാമുദ്ദീന്‍. വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല.
വാട്സാപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണ്. അപ്‌ലോഡാകാന്‍ സമയമെടുത്തതാകാം. അമിതവേഗത്തില്‍ വാഹനമോടിച്ചിട്ടില്ല. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നെന്നും ഡ്രൈവര്‍ മനോരമ ന്യൂസിനോടു പറഞ്ഞു
Read Also: കണ്ണൂര്‍ അപകടം: ഡ്രൈവിങ്ങിനിടെ വാട്സാപ്പ് സ്റ്റാറ്റസിട്ടു; ഡ്രൈവറുടെ ഗുരുതര വീഴ്ച ?
ഡ്രൈവറെ പിന്തുണച്ച് ബസ് ജീവനക്കാരി സുലോചനയും രംഗത്തെത്തി. നിസാമുദ്ദീന്‍ പതുക്കെയാണ് വാഹനം ഓടിച്ചത്. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണം. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നും സുലോചന കൂട്ടിച്ചേര്‍ത്തു. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ നിസാമുദ്ദീന്‍ വാട്സാപ്പ് സ്റ്റാറ്റസിട്ടെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ഇരുവരും.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ എസ് രാജേഷാണ് അപകടത്തില്‍ മരിച്ചത്. കുറുമാത്തൂര്‍ ചിന്മയ സ്കൂളിന്‍റെ ബസ്സാണ് മറിഞ്ഞത്. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. 18 വിദ്യാര്‍ഥികളും ആയയും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. ഒരു കുട്ടിയുടെനില ഗുരുതരമാണ്. പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരുക്കേറ്റവരെ തളിപ്പറമ്പ് സഹകരണ, താലൂക്ക് ആശുപത്രികളില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന ഹൈവേയിലേക്ക് ചേരുന്ന കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട് ബസ് മറിയുകയായിരുന്നെന്നു ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അപകട ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.