ആന എഴുന്നള്ളിപ്പും വെടിക്കെട്ടും പ്രതിസന്ധിയിലായിരിക്കെ പാലക്കാട് ജില്ലയിലെ ഉല്‍സവ സംഘാടകർ ഒത്തുചേരും. ചിനക്കത്തൂർ പൂരം, നെൻമാറ, വല്ലങ്ങി വേല കമ്മിറ്റികളുടെ ഭാരവാഹികൾ നേതൃത്വം നൽകുന്ന ജില്ലാ വെടിക്കെട്ട് സംരക്ഷണ സമിതി നാളെ ഉച്ചകഴിഞ്ഞു മൂന്നിന് ചിനക്കത്തൂരിൽ യോഗം ചേരും. ജില്ലയിലെ അൻപതിലേറെ ഉത്സവക്കമ്മിറ്റികളെ പങ്കെടുപ്പിച്ചാണ് യോഗം.
ഉൽസവങ്ങൾ സംരക്ഷിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണു ജില്ലാ വെടിക്കെട്ട് സംരക്ഷണ സമിതിയുടെ ആവശ്യം. കേരളത്തിലെ ഉത്സവങ്ങൾ മുൻപെങ്ങുമില്ലാത്ത വിധം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നു ഭാരവാഹികൾ വിശദീകരിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗരേഖയും വെടിക്കെട്ടു സംബന്ധിച്ച് എക്സ്പ്ലോസീവ് വകുപ്പിലെ ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികളുമാണ് ഉത്സവ നടത്തിപ്പിൽ അപ്രായോഗികമായി മാറുന്നതെന്നാണു പരാതി.
പ്രതിസന്ധി കൃത്യമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനൊപ്പം സമരപരിപാടികളും യോഗത്തിൽ ആലോചിക്കും. ആന ഉടമകൾ, വെടിക്കെട്ട് കരാറുകാർ ഉൾപ്പെടെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും യോഗത്തിൽ പങ്കെടുക്കും.